അടൂർ : നിർദ്ദിഷ്ട നഗരസഭാ കോംപ്ളക്സ് പുതിയ പ്രൈവറ്റ് ബസ്റ്റാന്റിൽ സ്ഥാപിക്കാനുള്ള നിലവിലുള്ള കൗൺസിലിന്റെ തീരുമാനം റദ്ദ്ചെയ്ത് യു.ഡി.എഫ് ഭരണകാലത്ത് വിട്ടുകിട്ടിയ ടൗൺഹാൾ നിന്ന സ്ഥലത്ത് പുതിയ നഗരസഭാ കാര്യാലയവും ഷോപ്പിംഗ് കോംപ്ളക്സും നിർമ്മിക്കുമെന്നും കരുവാറ്റാ ഏലായിലെ സ്ഥലത്ത് ബസ് ടെർമിനിൽ നിർമ്മിക്കുമെന്നും യു.ഡി.എഫ് നഗരസഭ പ്രകടനപത്രിക. നഗരത്തിലെ തെരുവ് വിളക്ക് പ്രശ്ന പരിഹാരത്തിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തും. പുതുവാക്കൽ ഏലായിൽ കൂടുതൽ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മിക്കും. പറക്കോട് അനന്തരാമപുരം മാർക്കറ്റ്, ശ്രീമൂലം മാർക്കറ്റ് എന്നിവയുടെ നവീകരണം, കനാൽ റോഡുകളുടെ നവീകരണത്തിന് സർക്കാർ അനുമതിയോടെ പുതിയ പാക്കേജ്, വൈദ്യുതി ശ്മശാനം, ഖരമാലിന്യ സംസ്ക്കരണത്തിന് ബൃഹത് പദ്ധതി, നഗരസഭ പ്രീ മെട്രിക് ഹോസ്റ്റൽ നവീകരിക്കുന്നതിനൊപ്പം പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമ്മിക്കും. സ്വയം തൊഴിൽ സംരംഭകരേയും ചെറുകിട വ്യവസായകരേയും പ്രോത്സാഹിപ്പിക്കും തുടങ്ങി ഒട്ടേറെ വാഗ്ദ്ധാനങ്ങളാണ് പ്രകടനപ്രതികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ആന്റോ ആന്റണി എംപി കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാറിന് കോപ്പി നൽകി പ്രകടന പ്രതിക പ്രകാശനം ചെയ്തു. പ്രൊഫ.ഡി.കെ.ജോൺ, പ്രൊഫ.ഡി. ഗോപിമോഹൻ,ഏഴംകുളം അജു,പഴകുളം ശിവദാസൻ,അഡ്വ.ബിജുവർഗീസ്, എസ്.ബിനു,കുഞ്ഞുഞ്ഞമ്മ ജോസഫ്, അടൂർ നൗഷാദ്,രാഹുൽ മാങ്കൂട്ടം. ആനന്ദപ്പള്ളി സുരേന്ദ്രൻ, ഷിബു ചിറക്കരോട്ട്, ഡി.ശശികുമാർ,എ.രാജകരീം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.