പത്തനംതിട്ട: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില ബ്രാഞ്ചുകളിലെ പരിശോധനയുടെ പേരിൽ പുറത്തു വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടെങ്കിൽ മാനേജിംഗ് ഡയറക്ടർ വിജിലൻസിനു മുന്നിൽ ഹാജരാകാൻ തയ്യാറാണ്.

സെക്യുരിറ്റി തുക നൽകാതെ ചിട്ടി ആരംഭിച്ചുവെന്ന പ്രചരണം അസത്യമാണ്. കെ.എസ്.എഫ്.ഇക്കായാലും സ്വകാര്യ സ്ഥാപനത്തിനായാലും ചിട്ടി ആരംഭിക്കണമെങ്കിൽ ട്രഷറിയിൽ പണം അടച്ച രസീതുകൾ ചിട്ടി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കണം.

കെ.എസ്.എഫ്.ഇയിൽ ബിനാമി പേരിൽ ഉദ്യോസ്ഥർ ചിട്ടി നടത്തുന്നുവെന്ന ആരോപണം ശരിയല്ല. അക്കൗണ്ട് വഴിയോ ചെക്ക് മുഖേനയോ ആണ് എല്ലാ പണം കൈമാറ്റവും നടക്കുന്നത്. ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരച്ചറിയൽ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങൾ നൽകുന്ന ആൾക്കുമാത്രമേ ചിട്ടിയിൽ ചേരാൻ കഴിയൂ. ചിട്ടിത്തുക കെ.എസ്.എഫ്.ഇ നേരിട്ട് കൈപ്പറ്റുന്നത് ഇൻകം ടാക്സ് ചട്ടപ്രകാരമാണ്. കൂടുതൽ പണമുണ്ടെങ്കിൽ ചെക്കായി വാങ്ങും. ചിട്ടിപ്പണം കൊടുക്കുന്നത് ബാങ്ക് അക്കൗണ്ട്, ചെക്ക് എന്നിവ വഴിയാണ്. അംഗീകരിച്ച ബാങ്കിംഗ് സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾക്കനുസരിച്ചേ കെ.എസ്.എഫ്.ഇയിൽ പണം കൈമാറ്റം നടക്കൂ.

മറ്റൊരു ആരോപണം കെ.എസ്.എഫ്.ഇയുടെ ദിവസ കളക്ഷൻ ട്രഷറിയിൽ നിക്ഷേപിക്കുന്നില്ല എന്നാണ്. ഒാരോ മാസത്തെയും കളക്ഷൻ സൂക്ഷിക്കുന്നത് ബാങ്കിലാണ്. ചിട്ടി പിടിക്കുന്നവർക്ക് കൊടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എല്ലാ ദിവസത്തെയും കളക്ഷൻ ട്രഷറിയിൽ ഇടേണ്ട ബാദ്ധ്യത കെ.എസ്.എഫ്.ഇക്കില്ല. ബ്രാഞ്ചുകളുടെ സമീപത്തുള്ള ബാങ്കിലാണ് ദിവസ കളക്ഷൻ നിക്ഷേപിക്കുന്നത്.

മിച്ചം വരുന്ന പണം നിക്ഷേപിക്കുന്നത് ട്രഷറിയിലാണ്. കെ.എസ്.എഫ്.ഇയുടെ 7000 കോടി ഗവ. ട്രഷറയിൽ നിക്ഷേപമുണ്ട്. മിക്കവാറും ബ്രാഞ്ചുകളിലും സ്ട്രോംഗ് റൂമുകളുണ്ട്. ഇല്ലാത്തിടത്ത് സ്വർണം സൂക്ഷിക്കാൻ ആർ. ബി.ഐ മാനദണ്ഡങ്ങൾക്ക് വിധേയമായി ജുവൽ ബോക്സുകളുണ്ട്. സ്വർണത്തിന് പൂർണമായ ഇൻഷുറൻസ് കവറേജുണ്ട്. ഒരു ബ്രാഞ്ചുകളിൽ നിന്നും സ്വർണം മോഷണം പോയിട്ടില്ല. 3000 കോടി രൂപയുടെ സ്വർണം കെ.എസ്.എഫ്.ഇയിൽ നിക്ഷപമായുണ്ട്. പൊതുമേഖലയിലുള്ള ഏതു സ്ഥാപനത്തേക്കാളും കൂടുതലാണിത്.

ഒരു ബ്രാഞ്ചിനെതിരെയും പരാതിയില്ല. പിഴവുകൾ തിരുത്താൻ കെ.എസ്.എഫ്.ഇ ഒരുക്കമാണ്. 50വർഷമായി ലാഭത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 45040 കോടി രൂപയായി ബിസിനസ് വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് 2000 കോടിയുടെ നിക്ഷേപവർദ്ധനയുണ്ടായി. 14620 കോടി രൂപയുടെ നിക്ഷേപമാണ് കെ.എസ്.എഫ്.ഇയിൽ ഇപ്പോഴുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം നികുതി നൽകിക്കഴിഞ്ഞ് കെ.എസ്.എഫ്.ഇക്ക് 328 കോടി രൂപയുടെ ലാഭമുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്ന കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ഇൗ വളർച്ച കൈവരിക്കാൻ കഴിഞ്ഞത്.

കൊവിഡ് കാലത്ത് ചിട്ടി അടയ്ക്കാത്തവരിൽ നിന്ന് പലിശ ഇൗടാക്കുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 1500കോടി രൂപ കുടിശിക ഇനത്തിൽ പിരിച്ചെടുത്തിട്ടുണ്ട്. ആശ്വാസ് 2020 പദ്ധതിയിലൂടെ അർഹരായവർക്ക് 90 ശതമാനം വരെ പലിശ ഇളവ് ചെയ്തിട്ടുണ്ട്. അടുത്ത മാർച്ചിനിള്ളിൽ 2000 കോടി രൂപ കുടിശിക ഇനത്തിൽ പിരിച്ചെടുക്കുമെന്ന് പീലിപ്പോസ് തോമസ് പറഞ്ഞു.