ആറന്മുള: വൈദ്യുതി വിതരണ രംഗത്ത് സമൂല മാറ്റമൊരുക്കി കെ.എസ്.ഇബി ഗ്രാമീണ മേഖലയിൽ ഭൂഗർഭ കേബിൾ വലിക്കുന്നു. വൻകിട പട്ടണങ്ങളിൽ മാത്രം സ്ഥാപിച്ചു വരുന്ന ഭൂഗർഭ കേബിളുകളും ഓവർ ഹെഡ് ലൈനും ഒരുക്കി വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്ന പ്രവൃത്തിക്ക് പഞ്ചായത്തിലെ കോട്ട ഭാഗത്താണ് തുടക്കമായത്. മുളക്കുഴ സെക്ഷൻ പരിധിയിലെ പുവണ്ണാ പൊയ്കയിൽ പന്നിമൂല ഭാഗങ്ങളിൽ ഭൂഗർഭ കേബിൾ ഇടുന്ന ജോലി കഴിഞ്ഞ ദിവസം ആരംഭിച്ചു. വൈദ്യുതി തടസം നേരിടുന്ന പ്രദേശങ്ങളിൽ വിതരണം സുഗമമാക്കുന്ന യു.ജി കേബിളുകളാണ് സ്ഥാപിക്കുന്നത്.വൈദ്യുതി ബോർഡിന്റെ വൈദ്യുതി 2021 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ നടപ്പാക്കുന്നത്. 20 ലക്ഷം രൂപ ചെലവിൽ 200 മീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടത്തിപ്പ് പൂർത്തിയാക്കുക. കെ.എസ്.ഇ.ബിയുടെ ഹരിപ്പാട് സർക്കിളിൽ ഉൾപ്പെട്ട പി.എം.യു ഏജൻസിക്കാണ് നിർവഹണ ചുമതല. സുരക്ഷയുടെ ഭാഗമായി സെക്ഷൻ പരിധിയിലെ 23 ട്രാൻസ്‌ഫോമറുകളുടെ പരിധിയിലെ പഴയ വൈദ്യുതി കമ്പികൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികളും തുടങ്ങിയിട്ടുണ്ട്. പന്നിമൂല പ്പടി ഭാഗത്ത് പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിച്ചു കഴിഞ്ഞു.

- 20 ലക്ഷം രൂപ ചെലവ്

-ആദ്യഘട്ടത്തിൽ 200 മീറ്റർ

-സ്ഥാപിക്കുന്നത് യു.ജി.സി കേബിളുകൾ

-23 ട്രാൻസ്‌ഫോമറുകളുടെ പരിധിയിലെ വൈദ്യുതി കമ്പികൾ മാറ്റും

ഭൂഗർഭ കേബിൾ 11 കെവി ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും.

(വൈദ്യുതി സെക്ഷൻ എ.ഇ)​