തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ ബാംഗ്ലൂർ സർവീസ് നിലച്ചിട്ട് എട്ടുമാസം പിന്നിടുന്നു. മറ്റ് ബസ് സർവീസുകൾ പുനരാരംഭിച്ചിട്ടും തിരുവല്ലയിലെ ഏക അന്തർസംസ്ഥാന സർവീസിനെ അവഗണിക്കുന്നതായി ആക്ഷേപം ശക്തമാണ്. തിരുവല്ലയിൽ നിന്നുള്ള അന്തർസംസ്ഥാന ബസ് സർവീസായ ബാംഗ്ലൂർ സർവീസ് കൊവിഡിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് നിറുത്തിവച്ചത്. ദിവസവും ഉച്ചയ്ക്ക്ശേഷം രണ്ടിന് തിരുവല്ലയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ ബാംഗ്ലൂരിൽ എത്തിച്ചേരുന്ന സർവീസ് യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു. സെമി സ്ലീപ്പർ ഡീലക്സ് ബസാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇവിടെനിന്നും ബാംഗ്ലൂരിൽ നിന്നും രണ്ടുബസുകൾ അങ്ങോട്ടും ഇങ്ങോട്ടും സർവീസ് നടത്തിയിരുന്നത് തിരുവല്ല ഡിപ്പോയുടെ പ്രധാന വരുമാനവും വർദ്ധിപ്പിച്ചു. ദിവസവും മുക്കാൽ ലക്ഷത്തോളം രൂപയുടെ വരുമാനവും ലഭിച്ചിരുന്നു. ബസ് സർവീസ് നിലച്ചതോടെ ബസുകൾ തിരുവന്തപുരത്തക്കും കൊണ്ടുപോയി. യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെ അടുത്തകാലത്തായി ബാംഗ്ളൂരിലേക്കുള്ള യാത്രക്കാർ ബസ് അന്വേഷിച്ച് സ്റ്റേഷനിൽ എത്താറുണ്ട്.
ആവശ്യക്കാരേറെ, നടപടിസ്വീകരിക്കാത്തതിൽ പ്രതിഷേധം
ആവശ്യക്കാർ വർദ്ധിച്ചിട്ടും ബാംഗ്ലൂർ സർവീസ് പുനരാരംഭിക്കാൻ അധികൃതർ ഇതുവരെയും നടപടി സ്വീകരിക്കാത്തത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മറ്റു സ്വകാര്യ സർവീസുകളെ അപേക്ഷിച്ച് യാത്രാക്കൂലിയിലെ കുറവും സുരക്ഷിതത്വവും കാരണം കെ.എസ്.ആർ.ടി.സിയുടെ സർവീസിനെ യാത്രക്കാർ ഇഷ്ടപ്പെട്ടിരുന്നു. സ്വകാര്യ ബസുകൾ ബാംഗ്ലൂർ സർവീസ് തുടങ്ങിയിട്ടും കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കാത്തത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
- സർവീസ് നടത്തിയിരുന്നത് സെമി സ്ലീപ്പർ ഡീലക്സ് ബസ്
- ഡിപ്പോയുടെ പ്രധാന വരുമാനം