ചെങ്ങന്നൂർ: ഇടതുമുന്നണി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തും അഴിമതി എന്നിവ പരക്കെ ചർച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയങ്ങളാണെന്നും അതിനേക്കാളുപരി ലൈഫ്മിഷൻ പദ്ധതിയിലെ അഴിമതികൾ അതീവ ഗുരുതരമായ പ്രശ്‌നങ്ങളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അവയെല്ലാം തിരികെ നൽകുമെന്നുള്ള വാഗ്ദാനം രണ്ടു വർഷം പിന്നിട്ടിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പി.വി.ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബു പ്രസാദ് എ.ഐ.സി.സി അംഗം കെ.എൻ.വിശ്വനാഥൻ,അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാർ, അഡ്വ.ജോർജ് തോമസ്, സുനിൽ പി.ഉമ്മൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഉഷാ ഭാസി, ശ്രീദേവി, അനിതാ സജിഎന്നീവർ പ്രസംഗിച്ചു.