കോഴഞ്ചേരി: തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളുടെ ചിഹ്നക്കാര്യം പക്ഷേ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ചിന്നക്കാര്യമല്ല. ചിഹ്നത്തിന്റെ കാര്യത്തിൽ പുലിവാൽ പിടിക്കുന്നതും ഉദ്യോഗസ്ഥർ തന്നെ. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പോളിംഗ് ബൂത്തിനു സമീപം പ്രദർശിപ്പിക്കരുതെന്ന ചട്ടത്തിന് വിരുദ്ധമായി ഇക്കുറി സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നം കണ്ട് അമ്പരന്നിരിക്കുകയാണ് ഉദ്യോഗസ്ഥർ.സ്വതന്ത്രന്മാരിൽ മിക്കവർക്കും നൽകിയിരിക്കുന്ന ചിഹ്നം മേശയാണ്. തിരഞ്ഞെടുപ്പ് ദിവസം ബൂത്തിന് സമീപത്തല്ല, പോളിംഗ് ബൂത്തിനകത്തു തന്നെ മേശയിടേണ്ട സ്ഥിതിയാണ് ഉദ്യോഗസ്ഥർക്ക്. പരാതി ഉണ്ടായാൽ കുഴയുന്നതും ഉദ്യോഗസ്ഥരാണ്.പോളിംഗ് ബൂത്തിനകത്തേക്ക് കയറി വരുന്ന ചിഹ്നങ്ങൾ വേറെയുമുണ്ട്. അതിലൊന്നാണ് ഓട്ടോറിക്ഷ. വോട്ടെടുപ്പ് ദിവസം വയോധികരുമായി ബൂത്തിന് സമീപം വരെ ഓട്ടോയ്ക്ക്എത്താം. പേന, മഷിക്കുപ്പി, ഫാൻ തുടങ്ങിയ ചിഹ്നങ്ങളും സ്ഥാനാർത്ഥികൾക്കുണ്ട്. ഇവയെല്ലാം പോളിംഗ് ബൂത്തിനകത്തും ഉണ്ടാകും. ചിഹ്നമായ കണ്ണട വച്ചു കൊണ്ട് വരുന്നവരെ പാർട്ടിക്കാർക്കും തടയാനാവില്ല. ഇടതു സ്വതന്ത്രരിൽ മിക്കവരുടേയും ചിഹ്നം കണ്ണടയാണ്. ബൂത്തിന്റെ വരാന്തവരെ കടയുമായും വോട്ടർമാർക്ക് എത്താം. കുട ചിഹ്നമാക്കിയവരും വിരളമല്ല. യുവ സ്ഥാനാർത്ഥികളിൽ മൊബൈൽ ഫോൺ ചിഹ്നമാക്കിയവരുമുണ്ട്.