candidate
ലിപിൻ രക്തദാനം നടത്തുന്നു

തിരുവല്ല: സ്ഥാനാർത്ഥിയാണെങ്കിലും അല്ലെങ്കിലും രക്തംദാനം ചെയ്യുന്നത് ലിപിൻ ശീലമാണ്. മറ്റുള്ളവരുടെ ജീവന് തുണയേകാൻ കഴിഞ്ഞദിവസം വരെ 24 പ്രാവശ്യം രക്തം നൽകി. നഗരസഭ 19-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ലിപിൻ ലാസർ. വാഹനാപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോലഞ്ചേരി സ്വദേശി കുട്ടപ്പ (56) നാണ് ഇന്നലെ എ.ബി പോസിറ്റീവ് രക്തം നൽകിയത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും പി.പി.ഇ കിറ്റണിഞ്ഞ് ലിപിൻ മുന്നിലുണ്ടായിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വോളൻ്റിയറായി പ്രവർത്തിക്കുന്ന ലിപിൻ തിരുമൂലപുരം എസ്.എൻ.വി ഹൈസ്കൂളിലെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും പ്രവർത്തിച്ചു. പ്രളയസമയത്ത് തിരുമൂലപുരത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കാനും ആശുപത്രികളിൽ പൊതിച്ചോറുകൾ നൽകാനും ലിപിനുണ്ടായിരുന്നു.