പത്തനംതിട്ട : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനെ പഠനാനുഭവമാക്കാൻ പന്ന്യാലി ഗവ.യു.പി സ്‌കൂൾ.സ്‌കൂൾ പരിധിയിലെ ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളും വിദ്യാർത്ഥികളും സ്‌കൂൾ വികസനം ചർച്ച ചെയ്യുന്നു. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ മൂന്ന് വാർഡുകളിലായി മത്സരിക്കുന്ന ഒൻപത് സ്ഥാനാർത്ഥികളും പങ്കെടുക്കും. അധികാരവികേന്ദ്രീകരണം ഗ്രാമസഭ എന്ന് സംബന്ധിച്ച് കുട്ടികൾക്ക് കൃത്യമായ ധാരണ ഉണ്ടാക്കുന്നതിനും സ്‌കൂളിന്റെ ഭാവി വികസന പ്രവർത്തനങ്ങളിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരുടെ പൂർണ സഹകരണം ഉറപ്പാക്കുന്നതിനുമാണ് പരിപാടി.
സ്‌കൂളിലെ യു.പി.വിഭാഗം കുട്ടികളാണ് ജനാധികാര പഠനത്തിന്റെ ഭാഗമായുള്ള ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് എട്ടിനാണ് പരിപാടി. ഓൺ ലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് സ്‌കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലുള്ള ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് എസ് .വള്ളിക്കോട് പരിപാടിയുടെ മോഡറേറ്ററാകും.സ്‌കൂൾ പ്രഥമാദ്ധ്യാപിക ത്രിജയകുമാരി ,സ്റ്റാഫ് സെക്രട്ടറി പി.എസ് ജയിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മുള്ളനിക്കാട് വാർഡ് സ്ഥാനാർത്ഥികളായ വി.പൊന്നമ്മ ,റിജു കോശി,നിഷ ജയൻ പന്ന്യാലി വാർഡ് സ്ഥാനാർത്ഥികളായ ദീപ മധു., സാലി തോമസ്, ബിൻസി നെൽസൺ ആറ്റരികം വാർഡ് സ്ഥാനാർത്ഥികളായ സതീഷ്,മിഥുൻ,രാജൻ എൻ.പി.എന്നീ സ്ഥാനാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും.