പന്തളം: തിരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് രക്ഷപെടാൻ അദ്ധ്യാപകരും മറ്റു ജീവനക്കാരും ഉള്ളതും ഇല്ലാത്തതുമായ കാരണങ്ങൾ നിരത്തുമ്പോൾ ഇവിടെയൊരാൾ ഡ്യൂട്ടി ചോദിച്ചുവാങ്ങുന്നു. പന്തളം തോട്ടക്കോണം ഹയർ സെക്കന്ഡറി സ്‌കൂൾ യു.പി വിഭാഗം അദ്ധ്യാപകനും പുഴിക്കാട് സ്വദേശിയുമായ ജോസ് മത്തായിയാണ് ജനാധിപത്യത്തിന്റെ കാവലാളാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ആയിരത്തോളം അപേക്ഷകളാണ് വിവിധ കാരണങ്ങൾ പറഞ്ഞ് ഡ്യൂട്ടി ഒഴിവാക്കാൻ നൽകിയിട്ടുള്ളത്. എന്നാൽ ഇലക്ഷൻ ഡ്യൂട്ടി കിട്ടിയില്ലെന്ന പരാതിയുമായെത്തിയ ആദ്യ ആളായി മാറിയിരിക്കുകയാണ് ജോസ് മത്തായി എന്ന് ഡെപ്യുട്ടി കളക്ടർ ജെസിക്കുട്ടി മാത്യു പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ചടങ്ങായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് വിട്ടു നിൽക്കാൻ തന്റെ ജനാധിപത്യ ബോധം അനുവദിക്കുന്നില്ലെന്നാണ് ജോസ് മത്തായി പറയുന്നത്.