കോന്നി : മലയോര ജില്ലയിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വാധീനം അറിയിക്കാൻ തമിഴ് രാഷ്ട്രീയ പാർട്ടിയും. തമിഴ് വംശജർ ജില്ലയിൽ വിവിധ സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ടൗൺ 16 ാം വാർഡിലാണ് മത്സരിക്കുന്നത്. സിനിമാ നിർമ്മാതാവ് കൂടിയായ ടി.എസ്. ശശിധരൻ പിള്ള (കലഞ്ഞൂർ ശശികുമാർ) ആണ് മത്സരിക്കുന്നത്. തമിഴകത്തിന്റെ വികസന മോഡൽ കലഞ്ഞൂർ പഞ്ചായത്തിൽ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും പഞ്ചായത്തിലെ വികസന മുരടിപ്പും അഴിമതിയും തുടച്ചുനീക്കി എല്ലാ പൊതുസംവിധാന പദ്ധതികളും നടപ്പിലാക്കുമെന്നും ശശികുമാർ ഉറപ്പ് നൽകുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ മുഴുവൻ ഫണ്ടുകളും ലാപ്‌സാകാതെ എത്തേണ്ട കരങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയുടെ 118 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.