അടൂർ : ചെറുകിട റബർ തോട്ടങ്ങളിലെ ടാപ്പിംഗ് തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയിലേക്ക് ഡിസംബ‌ർ 31 വരെ അപേക്ഷിക്കാം. 5 ഹെക്ടറിൽ താഴെ വിസ്തൃതിയുള്ള ചെറുകിട തോട്ടത്തിൽ ഏർപെട്ടിരിക്കുന്നവരോ, ഒരു ഹെക്ടർവരെ വിസ്തൃതിയുള്ള സ്വന്തം തോട്ടത്തിൽ ടാപ്പ് ചെയ്യുന്നവരോആയ തൊഴിലാളികൾക്ക് പദ്ധതിയിൽ ചേരാം. അപേക്ഷകർ ഭാരത സർക്കാരിന്റെ കൗശൽ വികാസ് യോജനയുടെ ഭാഗമായുള്ള ആർ. പി. എൽ പരിശീലന പരിപാടിയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് നേടിയവരോ ടാപ്പിംഗ് മികവ് വർദ്ധിപ്പിക്കുന്നതിനായി റബർ ബോർഡ് നടത്തുന്ന പരിശീലനങ്ങളിൽ പങ്കെടുത്തവരോ ആയിരിക്കണം. റബർ ഉൽപ്പാദക സംഘങ്ങളുടെ കീഴിൽ രൂപവൽക്കരിക്കപ്പെട്ടിട്ടുള്ള ടാപ്പർ ബാങ്കുകളിൽ അംഗങ്ങളായ ടാപ്പിംഗ് തൊഴിലാളികൾക്കും പദ്ധതിയിൽ ചേരാം. അപേക്ഷകർ 18 മുതൽ 55 വയസുവരെയുള്ളവരും തൊട്ടുമുൻപുള്ള 12 മാസക്കാലത്ത് 90 ദിവസത്തിൽ കുറയാതെ കൂലിക്കോ സ്വന്തം തോട്ടത്തിൽ സ്വയമായോ ടാപ്പിംഗ് തൊഴിലിൽ ഏർപ്പെട്ടവരോ ആയിരിക്കണം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയിട്ടുള്ള ഏതെങ്കിലും മറ്റ് ക്ഷേമപെൻഷൻ പദ്ധതികളിൽ അംഗമായവർക്ക് പദ്ധതിയിൽ ചേരുന്നതിന് അർഹത ഉണ്ടയിരിക്കില്ല. പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി 5 വർഷത്തേക്ക് അംശാദായ തുകയുടെ 50 ശതമാനം റബർ ബോർഡ് അടയ്ക്കും. അംശാദായം കൃത്യമായി അടയ്ക്കാത്തവർക്ക് റബർ ബോർഡിന്റെ വിഹിതം ലഭിക്കില്ല. ടാപ്പിംഗ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഒാരോ അംഗവും പ്രതിവർഷം 480 രൂപ 60 വയസ് പൂർത്തിയാകുംവരെ അംശാദായമായി അടയ്ക്കണം. നിലവിൽ പ്രതിമാസം 1300 രൂപയാണ് പെൻഷനായി നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ റബർ ബോർഡിന്റെ അടൂർ റീജിയണൽ ഒാഫീസുമായി ബന്ധപ്പെടണം. ഫോൺ : 04734 224370