പത്തനംതിട്ട : കൊവിഡിനെ തുടർന്ന് വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇരട്ടിഭാരം നൽകി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതുവരെ ഒഴിവാക്കിയിട്ടില്ല. നിലവിൽ കൊവിഡ് ഡ്യൂട്ടിയും ശബരിമല ഡ്യൂട്ടിയുമായി തിരക്കിലാണ് ആരോഗ്യ പ്രവർത്തകർ. ഭൂരിഭാഗം മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാരെയും വിവിധ സി.എഫ്.എൽ.ടി.സി, കൊവിഡ് ആശുപത്രി എന്നിവിടങ്ങളിലും ഓഫീസ് ജീവനക്കാർ റിപ്പോർട്ടിംഗ് പോസ്റ്റിംഗ് ജോലിയിലും അവധി ദിവസങ്ങൾ ഉൾപ്പെടെ ജോലി ചെയ്തുവരികയാണ്. ജീവനക്കാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കും. കരാറുകാരെക്കൂടി കൊവിഡ്, ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ആളെ തികയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ആരോഗ്യ വകുപ്പിൽ നിന്ന് വീണ്ടും ജീവനക്കാരെ മറ്റുജോലികൾക്ക് നിയോഗിക്കുന്നത് ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കും.
" നിലവിൽ ജീവനക്കാരുടെ വലിയ കുറവുണ്ട്. ക്ലെറിക്കൽ ജീവനക്കാരെ ഉപയോഗിച്ചാണ് പലപ്പോഴും ജോലി ചെയ്യുന്നത്. "
എ.എൽ ഷീജ
(ഡി.എം.ഒ)
"തിരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കാനുള്ള നിർദ്ദേശം പ്രിൻസിപ്പൽ സെക്രട്ടറി നൽകിയതാണ്. ഇത് സംബന്ധിച്ച് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. "
രാജേഷ്
(കേരള എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി )