30-natali
നതോലി നിക്കോളാസ്

ഓമല്ലൂർ : ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി ഒരു മലക്കം മറിച്ചിൽ.! കണ്ടു നിന്നവർ അന്തംവിട്ടു. സ്വിറ്റ്‌സർലൻഡ് സ്വദേശിനിയും കളരിപ്പയറ്റ് ആശാട്ടിയുമായ നതോലി നിക്കോളസ് ആണ് താരം. ഒാമല്ലൂർ ഗ്രാമ പഞ്ചായത്ത് 14–ാം വാർഡ് (മഞ്ഞനിക്കര) എൻ.ഡി.എ സ്ഥാനാർത്ഥി രവീന്ദ്രവർമ്മ അംബാനിലയത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്നയിടമായിരുന്നു അങ്കത്തട്ട്. ഇവിടെ വനിതകളുടെ കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം, നതോലി കളരി അറിവുകൾ പകർന്നു നൽകി . ചില അഭ്യാസമുറകൾ നേരിട്ടുകാട്ടി കൊടുക്കുകയും ചെയ്തു. മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചു.
കളരി അഭ്യാസമുറകൾ പെൺകുട്ടികൾക്ക് ശരീരവടിവിനും രോഗ പ്രതിരോധ ശേഷിക്കും നല്ലതാണെന്നു അവർ പറഞ്ഞു.

വയൽവാണിഭത്തെക്കുറിച്ച് പഠിക്കാനെത്തിയതാണ് നതോലി. ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പരേതനായ ആർ. വീരകേരള വർമ്മ രാജയുടെ കുടുംബത്തിൽ നിന്നു പഠനം ആരംഭിച്ചു. തുടർന്നു വളരെക്കാലം കാളവണ്ടിയും കാളകളും ഉണ്ടായിരുന്ന പാരിപ്പളളിൽ കുടുംബ കൂട്ടായ്മയിൽ പങ്കെടുത്തു.
കേരളത്തിലെ പൈതൃക ഗ്രാമങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്നതിന്റെ ഭാഗമായാണ് ഓമല്ലൂരിൽ എത്തിയത്. അതോടൊപ്പം കളരിയെക്കുറിച്ചുള്ള അറിവുകളും പകരുന്നുണ്ട്. കോട്ടയം കൈപ്പുഴ ചിറയ്ക്കൽ സി.പി. രാജേഷ് ഗുരുക്കളുടെ ഭാര്യയാണു നതാലി. 3 മാസം മുൻപാണ് നാട്ടിലെത്തിയത്. കൈപ്പുഴയിലും സ്വിറ്റ്‌സർലൻഡിലും കളരി നടത്തുന്നുണ്ട്. ഭർത്താവും 4 വയസ്സുള്ള മകൻ ആദിത്യനും ഒപ്പമുണ്ടായിരുന്നു. കൂടുതൽ പഠനത്തിനായി തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ഓമല്ലൂരിൽ എത്തും.
സ്ഥാനാർത്ഥി രവീന്ദ്രവർമ്മ അംബാനിലയത്തിന്റെ നേതൃത്വത്തിൽ നതോലിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി വാർഡ് പ്രസിഡന്റ് വൈശാഖ് ഐവേലിൽ, സെക്രട്ടറി പാരിപ്പള്ളിൽ ശ്രീജിത്ത്, ആറന്മുള നിയോജക മണ്ഡലം കലാ – സാംസ്‌കാരിക വിഭാഗം സെക്രട്ടറി വിനോദ്കുമാർ ഐവേലിൽ മഹിളാ മോർച്ച യൂണിറ്റ് പ്രസിഡന്റ് അർച്ചനാ ആനന്ദ്, സെക്രട്ടറി അർച്ചന ഗോപകുമാർ, ജോ. സെക്രട്ടറി ആര്യ രാജ് എന്നിവർ പ്രസംഗിച്ചു.