babu
ബാബു ജോൺ

അടൂർ : മൾട്ടി കളർ പോസ്റ്ററുകളില്ല, പരിസ്ഥിതിക്ക് ദോഷമാകുന്ന ഫ്ളക്സ് ബോർഡുകളില്ല, ചുവരെഴുത്തൊന്നുമില്ല, കാതടിപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളുമില്ല....നീണ്ടുനരച്ച താടിയും മുടിയും, കാവി ഷർട്ടും വെളുത്ത ഖദർ മുണ്ടും പഴയ റബർ ചെരുപ്പും ധരിച്ച് വീടുകയറി വോട്ടുതേടുന്ന ഒരു സ്ഥാനാർത്ഥിയുണ്ട്. ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാംവാർഡിലെ സി. പി. എം സ്ഥാനാർത്ഥി ബാബു ജോൺ. ഹരിതചട്ടം പൂർണ്ണമായും പാലിച്ചാണ് ഇദ്ദേഹത്തിന്റെ പ്രചാരണം. സുഹൃത്തുക്കൾ തയ്യാറാക്കി സോഷ്യൽ മീഡിയാകളിൽ പ്രചരിപ്പിക്കുന്ന പോസ്റ്റർ ഒഴിച്ചാൽ വാർഡിൽ ഒരിടത്തും സ്ഥാനാർത്ഥിയുടേതായി ഒരു പ്രചാരണ സംവിധാനങ്ങളുമില്ല. നാട്യങ്ങളില്ലാത്ത ഇൗ നാട്ടുംപുറത്തുകാരൻ വാർഡിലേവർക്കും സുപരിചിതനാണ്. അഭ്യർത്ഥന കൊടുത്തശേഷം കൊവിഡ് കാലത്ത് കപ്പകൃഷി വ്യാപകമാക്കുന്നതിനായി വീടുകളിൽ എത്തിച്ച കപ്പതണ്ടിന്റെ വളർച്ചകൂടി മനസ്സിലാക്കാനും തിരഞ്ഞെടുപ്പുകാലം ഇദ്ദേഹം വിനിയോഗിക്കുന്നുണ്ട്. ഗ്രന്ഥകാരൻ, ഗവേഷകൻ, ചരിത്രകാരൻ, സിനിമാനടൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ബാബു ജോൺ അടൂർ ജനകീയ ചലച്ചിതോത്സവം, അടൂർ പുസ്തകമേള എന്നിവയുടെ സംഘാടനത്തിലെ മുഖ്യകണ്ണിയുമാണ്. അന്താരാഷ്ട്ര വേദികളിൽ ബഹുമതി നേടിയ നിരവധി ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇ.എം.എസിനെക്കുറിച്ചുള്ള ഡോക്ക്യുമെന്ററിയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. ജൈവകൃഷി, യോഗ, പ്രകൃതി ജീവനം എന്നിവയുടെ പ്രചാരകനുമാണ് ഇൗ സ്ഥാനാർത്ഥി. ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് സെക്ഷൻ ഒാഫീസറായി വിരമിച്ച ബാബു ജോൺ ആദ്യമാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഒരു കൈനോക്കുന്നത്. യു.ഡി.എഫിലെ ജോസഫ്,​ എൻ.ഡി.എയിലെ റജികുമാ‌ർ,​ സ്വതന്ത്രനായ വാസു എന്നിവരാണ് എതിരാളികൾ.