photo
യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ പൂങ്കാവിൽ വോട്ട് അഭ്യർത്ഥിക്കുന്നു

പ്രമാടം : ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനിൽ പോരാട്ടം തീപാറുകയാണ്. കഴിഞ്ഞ 25 വർഷം വിവിധ തലങ്ങളിൽ ജനപ്രതിനിധിയായിരുന്ന റോബിൻ പീ​റ്ററെ പ്രധാനമായും നേരിടുന്നത് യുവപുതുമുഖ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ രാജേഷ് ആക്ളേത്താണ്. ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. വീടുകൾ കയറിയിറങ്ങിയുള്ള വോട്ട് അഭ്യർത്ഥനകളും കുടുംബ സംഗമങ്ങളുമെല്ലാം പൊടിപൊടിക്കുകയാണ്.

പ്രമാടം നേതജി ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്ന രാജേഷ് ആക്ലേത്തിന്റെ സ്ഥാനാർത്ഥിത്വം പ്രമാടത്തിന് അപ്രതീക്ഷിതമായിരുന്നു. പൊതുസമ്മതനാണെങ്കിലും സജീവ രാഷ്ട്രീയരംഗത്തില്ലാതിരുന്ന രാജേഷിന് നറുക്കുവീണപ്പോൾ ബി.ജെ.പി യുവനേതാവ് വി.എ.സൂരജിനെയും നിയോഗിച്ചു.

പരിചയ സമ്പത്തുമായി റോബിൻ പീറ്റർ

റോബിൻ പീ​റ്ററിന്റെ സ്ഥാനാർത്ഥിത്വത്തോടെ പ്രതീക്ഷകൾ വീണ്ടും പൂവണിയുമെന്ന ആത്മവിശ്വാസം യു.ഡി.എഫ് ക്യാമ്പിനുണ്ട്. രണ്ട് തവണ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു റോബിൻ പീറ്റർ. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പ്രമാടം ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രതിനിധീകരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ്, കോന്നി അഗ്രികൾച്ചറൽ റൂറൽ ഇംപ്റൂവ്മെന്റ് സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ്, കോന്നി കൾച്ചറൽ ഫോറം ചെയർമാൻ,

കേരള സ്റ്റേറ്റ് മലനീകരണ നിയന്ത്രണ ബോർഡ് മെമ്പർ, മദ്യവർജ്ജന സമിതി ജില്ലാ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

ശിഷ്യസമ്പത്തുമായി രാജേഷ് ആക്ളേത്ത്

രണ്ട് പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപന പരിചയവും ശിഷ്യസമ്പത്തുമെല്ലാം കൈമുതലാക്കിയാണ് രാജേഷ് ആക്ലേത്ത് കന്നിയങ്കത്തിന് ഇറങ്ങുന്നത്. കോന്നി ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നടത്തിയ മുന്നേ​റ്റം ഇത്തവണയും തുടരാനാകുമെന്ന് അവർ വിലയിരുത്തുന്നു. രണ്ട് പതിറ്റാണ്ട് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ മുൻ ഊർജ്ജതന്ത്ര അദ്ധ്യാപകനായിരുന്ന രാജേഷ് ആക്ലേത്ത് നേതാജിയുടെയും വാഴമുട്ടം നാഷണൽ യു.പി സ്കൂളിന്റെയും മാനേജ്മെന്റ് കമ്മിറ്റി അംഗമാണ്. എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി., ശാസ്ത്ര ലേഖകൻ, പൊതുവിദ്യാലയ ശാക്തീകരണ പ്രവർത്തകൻ തുടങ്ങിയ നിലകളിലും പ്രവത്തിക്കുന്നു.

പ്രതീക്ഷയോടെ ബി.ജെ.പി

ബിജെപിക്ക് പ്രതീക്ഷ നൽകുന്നത് ലോക്‌സഭ, കോന്നി ഉപതിരഞ്ഞെടുപ്പുകളിൽ കണ്ട വർദ്ധിച്ച സ്വാധീനം തന്നെയാണ്. അട്ടിമറി വിജയം ബി.ജെ.പി പ്രതീക്ഷിക്കുന്നു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും യുവമോർച്ച മുൻ നേതാവുമാണ് വി.എ. സൂരജ്.

മുൻ വിജയികൾ

1995 ............ കൊടുമൺ ഗോപിനാഥൻ ‌കോൺഗ്രസ്

2000 ............ പി.ജെ. അജയകുമാർ സി.പി.എം

2005 .............സീമ രാമകൃഷ്ണൻ സി.പി.എം

2010 ............ റോബിൻ പീ​റ്റർ കോൺഗ്രസ്

2015 ............. എലിസബേത്ത് അബു കോൺഗ്രസ്

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില

ഭൂരിപക്ഷം : 1062

എലിസബേത്ത് അബു (യു.ഡി.എഫ്) : 19604

അഡ്വ.എസ്. കാർത്തിക (എൽ.ഡി.എഫ് ) : 18542

മിനി ഹരികുമാർ (ബി.ജെ.പി) : 7783

അസാധു : 76