തിരുവല്ല: മുന്നണികളിലെ പ്രബല കക്ഷികൾ ഘടകകക്ഷികൾക്ക് സീറ്റ് നൽകി പുതുമുഖങ്ങളെ അണിനിരത്തി പോരടിപ്പിക്കുന്ന കാഴ്ചയാണ് പുളിക്കീഴ് ഡിവിഷനിലേത്. ഇടത്-വലത് മുന്നണികളിൽ കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളുടെ നേരിട്ടുളള പോരാട്ടത്തിന് ഇത്തവണ ഡിവിഷൻ സാക്ഷ്യം വഹിക്കുന്നത്. എൻ.ഡി.എയാകട്ടെ ഇത്തവണ ബി.ഡി.ജെ.എസിന് സീറ്റ് നൽകിയാണ് വിജയം പരീക്ഷിക്കുന്നത്. യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിലെ ബിന്ദു ജെ.വൈക്കത്തുശേരി, എൽ.ഡി.എഫിൽ ജോസ് വിഭാഗത്തിലെ അന്നമ്മ പി.ജോസഫ് (ഡാലിയ സുരേഷ്), എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസിലെ മിനു രാജേഷ് എന്നിവരാണ് കന്നിമത്സരത്തിനായി അങ്കത്തട്ടിലുള്ളത്. ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ച കാലംമുതൽ യു.ഡി.എഫിന് ഒപ്പം നിന്ന ചരിത്രമാണ് പുളിക്കീഴ് ഡിവിഷനുളളത്. നിലനിറുത്താനും ചരിത്രം തിരുത്താനും ലക്ഷ്യംവെച്ച് മൂന്ന് മുന്നണികളും ഇത്തവണ പുതുമുഖങ്ങളെ പരീക്ഷിക്കുന്നു. 1995ൽ കോൺഗ്രസ് നേതാവ് നിരണം തോമസാണ് ഡിവിഷനെ ആദ്യം വലത്തേക്ക് അടുപ്പിക്കുന്നത്. 2000ൽ കേരള കോൺഗ്രസി(എം) ന് കൈമാറിയ മണ്ഡലത്തിൽ അംബികാ മോഹൻ വിജയിച്ചു. 2005ൽ സജി അലക്‌സ്, 2010-ൽ വീണ്ടും അംബികാ മോഹൻ, 2015ൽ സാം ഈപ്പൻ എന്നിവർ ഡിവിഷൻ കൈവിടാതെ കാത്തു. നിരണം, കടപ്ര, നെടുമ്പ്രം,പെരിങ്ങര, കുറ്റൂർ (നാല് വാർഡുകൾ) എന്നീ പഞ്ചായത്തുകളാണ് ഡിവിഷനിലുള്ളത്. ഈ പഞ്ചായത്തുകളിലെ ഭരണം കണക്കാക്കിയാൽ മൂന്ന് മുന്നണികൾക്കും സ്വാധീനമുളളതിനാൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്. കടപ്ര, നിരണം പഞ്ചായത്തുകൾ എൽ.ഡിഎഫ്. ഭരിക്കുമ്പോൾ പെരിങ്ങര യു.ഡി.എഫിന്റെ കൈകളിലാണ്. നെടുമ്പ്രത്തും കുറ്റൂരിലും ബി.ജെ.പി.യുമാണ് ഭരിക്കുന്നത്.മാത്രമല്ല കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.വൻ നേട്ടമുണ്ടാക്കിയ മേഖലയുമാണ് പുളിക്കീഴ് ഡിവിഷൻ. യു.ഡി.എഫ്. സ്ഥാനാർഥിയായ ബിന്ദു നിരണം മാർത്തോമൻ വിദ്യാപീഠത്തിലെ അദ്ധ്യാപികയാണ്. ഓർത്തഡോക്‌സ് സഭയിലെ ആത്മീയ സംഘടനകൾക്ക് നേതൃത്വം നൽകുന്ന ബിന്ദു സൺഡേസ്‌കൂൾ അദ്ധ്യാപികയുമാണ്. പുളിക്കീഴ് ഡിവിഷനിലെ ആദ്യ ജില്ലാപഞ്ചായത്ത് അംഗം നിരണം തോമസിന്റെ മകന്റെ ഭാര്യയാണ് ഡാലിയ. ഭർത്താവ് സുരേഷ് കടപ്ര പഞ്ചായത്തിലെ 12-ാം വാർഡിൽ കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ചു. ഗൾഫിലടക്കം നഴ്‌സിംഗ് ട്യൂട്ടറായി ഡാലിയ ജോലി ചെയ്തു. മീനു രാജേഷ് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘം വൈസ് ചെയർപേഴ്‌സണാണ്. തയ്യൽതൊഴിലാളി യൂണിയൻ സെക്രട്ടറിയാണ്. പെരിങ്ങര ശാഖാ കമ്മിറ്റിയംഗം,തയ്യൽ തൊഴിലാളി യൂണിയൻ സെക്രട്ടറി,രവിവാര പാഠശാല ഇൻസ്ട്രക്ടർ,പ്രാർത്ഥനാ ഗ്രൂപ്പ്,അയൽക്കൂട്ടം, കുടുംബയൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അപ്പർകുട്ടനാട് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിവിഷനിൽ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ എൽ.ഡി.എഫ്,യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. കാർഷിക മേഖലകളിലെ പ്രശ്നങ്ങളും ഗ്രാമങ്ങളിലെ വികസനവുമെല്ലാം ചർച്ചയായിട്ടുണ്ട്. തീപാറുന്ന ത്രികോണ മത്സരത്തിൽ ആരാകും പുളിക്കീഴ് ഡിവിഷനെ നയിക്കുക എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ്.