അടൂർ : വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി നഗരത്തിൽ വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് അപകടകരമാം വിധം തകർന്നു. യാത്രക്കാർ നടക്കുന്ന ഭാഗമാണ് അടർന്നുമാറിയത്,. ഇൗ സമയം ആരും അതുവഴി കടന്നുവരാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. ടാർ റോഡിന്റെ അടിഭാഗത്തെ മണ്ണ് അടർന്ന് മാറിയതോടെ അപകടം ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഡിവൈഡറുകൾ സ്ഥാപിച്ചു. ഇതോടെ കാൽനടയാത്രക്കാരുടെ ദുരിതം ഏറിയതിനൊപ്പം ഗതാഗതകുരുക്കും രൂക്ഷമായി. പാലത്തിന്റെ കിഴക്കു വടക്കു ഭാഗത്താണ് പൈപ്പിൽ ചോർച്ച ഉണ്ടായത്. ഫെബ്രുവരിയിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് അപ്രോച്ച് റോഡിന്റെ കുറച്ചുഭാഗം ഒലിച്ചുപോയിരുന്നു. ഇത് വെൽഡ് ചെയ്ത് ശരിയാക്കിയെങ്കിലും കഴിഞ്ഞ ദിവസം ശക്തമായ ചോർച്ച ഉണ്ടായാണ് അപ്രോച്ച്റോഡിന്റെ നല്ലൊരുഭാഗത്തേയും മണ്ണ് ഒലിച്ചുപോയത്. റോഡ് തകരുന്ന വിവരം പൊതുമരാമത്ത് ഉദ്യോഗസ്ഥർ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. മണിക്കൂറുകളോളം ശക്തമായി വെള്ളം പുറത്തേക്ക് തള്ളിയതാണ് തകർച്ചയ്ക്ക് ഇടയാക്കിയത്. പാലത്തിനോട് ചേർന്നുള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ പണം പൊതുമരാമത്ത് വകുപ്പ് ഒരുവർഷം മുമ്പ് വാട്ടർ അതോററ്റിയിൽ അടച്ചതാണ്. പക്ഷേ നടപടി ഉണ്ടായില്ല. ഇതിന്റെ വശംകെട്ടി ഉയർത്തി മണ്ണിട്ട് നിരപ്പാക്കിയാൽ മാത്രമേ ഇൗ ഭാഗത്തെ അപകടക്കെണി ഒഴിവാക്കാനാകു.