പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 13,343 പ്രചാരണ സാമഗ്രികൾ രാഷ്ട്രീയ കക്ഷികളെയും സ്ഥാനാർത്ഥികളെയും അറിയിച്ച് നീക്കം ചെയ്യിച്ചു. ആന്റി ഡിഫേയ്സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ നവംബർ 29 വരെയുള്ള ഒൻപത് ദിവസങ്ങളിലായാണ് ഇത്രയും പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ചത്. നീക്കം ചെയ്തവയിൽ 12,138 പോസ്റ്ററുകളും 1,203 ബോർഡുകളും ഫ്ലക്സുകളും ഉൾപ്പെടും. ആന്റി ഡിഫേയ്സ്‌മെന്റ് ജില്ലാ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാത്രം 1820 പോസ്റ്ററുകളും 10 ബാനറുകളും 77 ബോർഡുകളും നീക്കം ചെയ്യിച്ചു.
ആന്റി ഡിഫേയ്സ്‌മെന്റ് സ്‌ക്വാഡിന്റെ നോഡൽ ഓഫീസർ അസിസ്റ്റന്റ് കളക്ടർ വി.ചെൽസാസിനിയാണ്. ജില്ലാ സ്‌ക്വാഡിൽ അസിസ്റ്റന്റ് നോഡൽ ഓഫീസറിന്റെ നേതൃത്വത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം നാലു പേരാണുള്ളത്.
താലൂക്ക്തലത്തിൽ ഒരു നോഡൽ ഓഫീസറും ഒരു അസിസ്റ്റന്റ് നോഡൽ ഓഫീസറും ഒരു പോലീസ് ഉദ്യോഗസ്ഥനുമടക്കം നാലു പേരാണ് പരിശോധന നടത്തിവരുന്നത്. ജില്ലയിലെ ആറ് താലൂക്കുകളിലും ആന്റി ഡിഫേയ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. പൊതുസ്ഥലങ്ങൾ, സർക്കാർ വാർത്താ ബോർഡുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയിൽ പ്രദർശിപ്പിച്ച പ്രചാരണ സാമഗ്രികളാണ് സ്‌ക്വാഡ് നീക്കം ചെയ്യിച്ചത്. നിരത്തുകളിൽ സഞ്ചാരത്തിന് തടസം നിൽക്കുന്ന പ്രചാരണ സാമഗ്രികളും നീക്കം ചെയ്യിച്ചു.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അവരുടെ അനുമതി ഇല്ലാതെ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യിക്കുന്നുണ്ട്. നീക്കം ചെയ്യുന്ന ചിലവ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും. നിരോധിച്ച പ്ലാസ്റ്റിക്ക് കൊടിതോരണങ്ങൾ, നിരോധിച്ച ഫ്‌ളെക്സ് പ്രചാരണ സാമഗ്രികളും രാഷ്ട്രീയ കക്ഷികളെയും സ്ഥാനാർത്ഥികളെയും അറിയിച്ച് നീക്കം ചെയ്യിച്ചു.
കോന്നി താലൂക്കിൽ 711 പോസ്റ്ററുകളും, 98 ബോർഡുകളും ഒരു നിരത്തിൽ വരച്ചുവച്ചിരുന്ന പ്രചാരണ സാമഗ്രിയും നീക്കം ചെയ്യിച്ചു. കോഴഞ്ചേരി താലൂക്കിൽ 985 പോസ്റ്ററുകളും ബാനറും ഫ്ലക്സുമായി 275 എണ്ണവും നീക്കം ചെയ്യിച്ചു. റാന്നി താലൂക്കിൽ 819 പോസ്റ്ററുകളും 31 ഫ്‌ളെക്സ് ബോർഡുകളും നീക്കം ചെയ്യിച്ചു.
തിരുവല്ല താലൂക്കിൽ 877 പോസ്റ്ററുകളും 188 ബോർഡുകളും നിരത്തിൽ വരച്ചുവച്ചിരുന്ന പ്രചാരണ സാമിഗ്രിയും നീക്കം ചെയ്യിച്ചു. മല്ലപ്പള്ളി താലൂക്കിൽ 5400 പോസ്റ്ററുകളും ബാനറുകളും ഫ്‌ളെക്സും ഉൾപ്പെടെ 412 എണ്ണം നീക്കം ചെയ്യിച്ചു. അടൂർ താലൂക്കിൽ 1526 പോസ്റ്ററുകളും 112 ബോർഡുകളും നീക്കം ചെയ്യിച്ചു. ജില്ലയിൽ ഉടനീളം ആന്റി ഡിഫേയ്സ്‌മെന്റ് സ്‌ക്വാഡുകളുടെ പരിശോധന ശക്തമായി നടന്നുവരുന്നതായി നോഡൽ ഓഫീസർ അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനി പറഞ്ഞു.