തിരുവല്ല: കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന നിയമ പഠന വിഭാഗവും പൂർവ വിദ്യാർത്ഥി സംഘടനയും 'നിയമവും പൊതുജനാരോഗ്യസംരക്ഷണവും പകർച്ചവ്യാധികളും മാറുന്ന ആരോഗ്യവകാശങ്ങളുടെ മാനങ്ങൾ' എന്ന വിഷയത്തിൽ ആരംഭിച്ച അന്താരാഷ്ട്ര വെബിനാർ കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) വൈസ് ചാൻസലർ പ്രൊഫ. ഡോ.കെ. സി. സണ്ണി ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധികളുടെ കാലഘട്ടത്തിൽ നിയമം ആന്തരഘടനയായി മാറുമെന്നും ക്ഷേമരാഷ്ട്രങ്ങൾ സാമൂഹ്യസേവകനെ പോലെ പ്രവർത്തിക്കുകയാണെന്നും നിലവിലുള്ള സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ ഉൽപാദിപ്പിച്ചു കഴിഞ്ഞാൽ ഒരു വ്യവസായ മാനേജരെ പോലെ ക്ഷേമരാഷ്ട്രങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ. സ്റ്റോപ്പ് ടി.ബി. പാട്ണർഷിപ് കമ്മ്യൂണിറ്റി റൈറ്റിസ് ആൻഡ് ജൻഡർ അഡ്വൈസർ ജയിംസ് മലർ,​ സ്റ്റോപ്പ് ടി. ബി. പാട്ണർഷിപ് സെക്രട്ടേറിയറ്റ് സീനിയർ ടെക്നിക്കൽ അഡ്വൈസർ ഡോ. ശ്രീനിവാസ് എ. നായർ എന്നിവർ പ്രഭാഷണം നടത്തി.
കേരള കേന്ദ്ര സർവകലാശാല നിയമ പഠന വിഭാഗം മേധാവി ഡോ. ജയശങ്കർ കെ.ഐ. അദ്ധ്യക്ഷത വഹിച്ചു. നിയമപഠനം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഗിരീഷ് കുമാർ ജെ. സ്വാഗതവും പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് അർജുൻ ജോർജ് ഫിലിപ്പ് നന്ദിയും പറഞ്ഞു. നിയമ പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മീര എസ്., ആതിര രാജു തുടങ്ങിയവർ പങ്കെടുത്തു. . വെബിനാർ ഇന്ന് സമാപിക്കും.