കൊട്ടാരക്കര :കൊവിഡ് 19 മഹാമാരിയിൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടപ്പോൾ ജീവിതം തന്നെ സ്തംഭിച്ച് പോയവരാണ് പാരലൽ കോളേജുകളിലെയും ട്യൂഷൻ സെന്ററുകളിലെയും അദ്ധ്യാപകരും മറ്റ് ജീവനക്കാരും . കൊവിഡിന് മുൻപ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് ജീവനക്കാരുമായി പടർന്ന് പന്തലിച്ച് നിന്നിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രതിസന്ധിയിൽ നട്ടം തിരിയുന്നത്. വലിയ വാടകകളിൽ കെട്ടിടങ്ങളെടുത്ത് സ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം ശരിക്കും പെട്ടിരിക്കുകയാണ്.
ക്ഷേമനിധിയോ, പെൻഷൻ പദ്ധതിയോ ഇല്ല
സർവകലാശാലകളുടെ വിജയ ശതമാനത്തിന് പത്തരമാറ്റ് തിളക്കമേകുന്ന പാരലൽ കോളേജ് അദ്ധ്യാപകർക്ക് ക്ഷേമനിധിയോ, പെൻഷൻ പദ്ധതിയോ ഇനിയും നടപ്പാക്കിയിട്ടില്ല. തെരുവിൽ അലയുന്ന തെരുവുനായ്ക്കളുടെയും മറ്റു മിണ്ടാപ്രാണികളുടെയും ബുദ്ധിമുട്ടറിഞ്ഞ് പാക്കേജുകളും പദ്ധതികളും നടപ്പാക്കാൻ സർക്കാർ തയ്യാറാകുമ്പോഴും അധികൃതരുടെ ശ്രദ്ധയിൽ പെടതെ പോയ ഈ വലിയ വിഭാഗം പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ വിഷമിക്കുകയാണ്.
സർക്കാർ സഹായിക്കണം
കൊവിഡ് കാലത്ത് പാരലൽ കോളജ് അദ്ധ്യാപകർക്ക് ആയിരം രൂപ സഹായം നൽകുന്ന പ്രത്യേക പാക്കേജ് അനുവദിച്ചെങ്കിലും അത് വാങ്ങിയെടുക്കാനുള്ള നൂലാമാലകൾ ഭയന്ന് അധികമാരും സഹായം വാങ്ങാൻ തയ്യാറായില്ല. പാരലൽ കോളജ് അദ്ധ്യാപകരുടെ ദുരിതത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായിക്കണമെന്നും ക്ഷേമനിധിയും പെൻഷൻ പദ്ധതിയും അടിയന്തര പാക്കേജ് പദ്ധതികളും നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.