അഞ്ചൽ: നാട്ടുകാരുടെ സുകുമാരൻ സഖാവ് ഇപ്പോൾ കറയറ്റ കർഷകനാണ്. ചെങ്കൊടിയേന്തിയ സമരമുഖങ്ങളിലെ ഊർജ്ജമാണ് അഞ്ചൽ പനച്ചവിള കുന്നയ്യത്തുവീട്ടിൽ സുകുമാരന് 85-ാം വയസിലും ഉണർവ്വേകുന്നത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുമ്പോൾ മുൻനിരയിൽ സുകുമാരനുമുണ്ടായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ആയിരിക്കണം എന്നതിന് മാതൃകയാണ് സുകുമാരനെന്ന് നാട്ടുകാർ പറയും.
സർക്കാർ ജോലി ഉപേക്ഷിച്ച്
പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മാലൂരിൽ ജനിച്ച സുകുമാരൻ 32 വർഷമായി അഞ്ചലിലാണ് താമസം. 1953 -ൽ പത്താം ക്ലാസ് പാസായ സുകുമാരൻ ടൈപ്പ് റൈറ്റിംഗ്, ഷോർട്ട് ഹാൻഡ് തുടങ്ങിയ പരീക്ഷകളും പാസായി. തുടർന്ന് സർക്കാർ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനവുമായി മുന്നോട്ട് പോയി. ആര്യങ്കാവ് തെന്മല, കഴുതുരുട്ടി മേഖലകളിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി സമരങ്ങൾ സംഘടിപ്പിക്കുന്നതിലും സുകുമാരൻ മുന്നിൽ തന്നെ നിലകൊണ്ടു.
പാർട്ടി പിളർന്നു, കൃഷിയിലേക്ക് തിരിഞ്ഞു
1964 -ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ സി.പി.ഐയിൽ ഉറച്ചുനിന്നു. എന്നാൽ ഭാര്യ മന്ദാകിനിക്ക് പാർക്കിൻസൻ രോഗം പിടിപെട്ടത് സുകുമാരന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഭാര്യയ്ക്ക് നിരന്തര ചികിത്സ ആവശ്യമുള്ളതിനാൽ താമസം അഞ്ചലിലേക്ക് മാറ്റുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചിരുന്ന സുകുമാരന് ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുക ദുഷ്കരമായി. ഇതോടെയാണ് സുകുമാരൻ കൃഷിയിലേക്ക് തിരിഞ്ഞത്. സ്വന്തമായി കുറച്ച് പുരയിടം മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിനോട് ചേർന്ന് പാട്ടത്തിനെടുത്ത പുരയിടത്തിലും സ്വന്തം പുരയിടത്തിലും കൃഷി ആരംഭിച്ചു. പലതരം കൃഷികൾ ചെയ്തെങ്കിലും ഔഷധ സസ്യകൃഷിയ്ക്കാണ് പ്രാധാന്യം നൽകിയത്. ഇതിൽ തന്നെ കറിവേപ്പിലയ്ക്ക് പ്രാധാന്യം നൽകി. നൂറ് സ്കൂളുകളിലെ കുട്ടികൾക്ക് സുകുമാരൻ സൗജന്യമായി കറിവേപ്പില തൈ വിതരണം ചെയ്തിരുന്നു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ വർഷം മന്ത്രി കെ. രാജുവാണ് നിർവഹിച്ചത്.
കറിവേപ്പിലയ്ക്ക് പ്രചാരണം
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻകൈയ്യെടുത്ത് സുകുമാരന്റെ സ്വപ്ന പദ്ധതിയായ കറിവേപ്പിലയുടെ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബശ്രീകൾ വഴി വീടുകളിൽ കറിവേപ്പില തൈകൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് പറഞ്ഞു. കൃഷിയിലും മാതൃകാ പുരുഷനായ സുകുമാരന് വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ആദരവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ ജീവിത അനുഭവങ്ങളുമായി ബന്ധപ്പെട്ട് തപ്ത സ്മരണകൾ എന്ന പുസുതകവും ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പുസ്തകവും സുകുമാരൻ രചിച്ചിട്ടുണ്ട്.
പൊതുപ്രവർത്തകർക്ക് എന്നും മാതൃകയായ സുകുമാരൻ ഒരു നല്ല കർഷകൻ കൂടിയാണ്. ഔഷധ ചെടികൾ നാട്ടിൽ നിന്നും അന്യമായികൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ അതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ലൊരു കർഷകനായ സുകുമാരന് അർഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.
ബി. മുരളി (രക്ഷാധികാരി, കൈരളി പുരുഷ സംഘം പനച്ചവിള)