opinion

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി, നിയമസഭാതിരഞ്ഞെടുപ്പിന് കഷ്ടിച്ച് ആറു മാസം മാത്രം. സി.പി.ഐ ക്ക് ശക്തമായ അടിത്തറയുള്ള കൊല്ലം ജില്ലയിൽ പാർട്ടിക്ക് നാഥനില്ലാതായിട്ട് വർഷം ഒന്നായി. സ്ഥാനാർത്ഥി നിർണയം തുടങ്ങാനിരിയ്ക്കെ മുഴുവൻ സമയ ജില്ലാസെക്രട്ടറിയുടെ അഭാവം പ്രതികൂലമാകുമെന്ന ആശങ്കയിലാണ് നേതാക്കളും അണികളും. ജില്ലാപഞ്ചായത്തിലും കൊല്ലം കോർപ്പറേഷനിലും അടക്കം പാർട്ടിക്ക് പ്രധാന സ്ഥാനങ്ങളുണ്ട്. ഒന്നിലേറെ ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തുകളിലും ഭരണത്തിന് നേതൃത്വം നൽകുന്നു. ജില്ലയിൽ നാല് എം.എൽ.എമാരുള്ള പാർട്ടിക്ക് ഒരു മന്ത്രിയുമുണ്ട്. എന്നിട്ടും ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാൻ ഒരു വർഷം ശ്രമിച്ചിട്ടും

നടന്നില്ല!

കാനത്തിന്റെ പ്രഭാവം ഏൽക്കുന്നില്ല

കാനത്തിന്റെ പല്ലിന് പണ്ടേപ്പോലെ ശൗര്യം പോരെന്ന് എതിരാളികൾക്കൊപ്പം സ്വന്തം സ്വന്തം പാർട്ടിക്കാരും പറയുന്നു. ഒരുവർഷം മുമ്പ് ജില്ലാ സെക്രട്ടറിയായിരുന്ന എൻ.അനിരുദ്ധനെ മാറ്റി പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാൻ കൊല്ലത്ത് ചേർന്ന കമ്മിറ്റിയിൽ കാനത്തിന് നേരിടേണ്ടി വന്ന പ്രതികരണങ്ങൾ അദ്ദേഹം പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു. ആർ.രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാൻ കാനം എടുത്ത തീരുമാനത്തെ മന്ത്രി കെ.രാജു അടക്കം കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ശക്തമായി എതിർത്തു. കാനം നിലപാടിൽ ഉറച്ച് നിന്നതോടെ യോഗം അലങ്കോലമായി. പിന്നീടിതുവരെ പുതിയൊരു സെക്രട്ടറിയെ നിശ്ചയിക്കാൻ പാർട്ടി നേതൃത്വത്തിനായില്ല. ജനാധിപത്യ മാർഗത്തിലൂടെ വോട്ടിനിട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂവെങ്കിലും കാനത്തിന്റെ പിടിവാശിക്ക് മുന്നിൽ തീരുമാനം അനിശ്ചിതമായി നീളുകയാണ്. എട്ടുമാസമായി ചേരാതിരുന്ന ജില്ലാ കൗൺസിൽ യോഗം ബുധനാഴ്ച ഓൺലൈനായി ചേർന്നെങ്കിലും ജില്ലാ സെക്രട്ടറിയുടെ കാര്യം ചർച്ചയിൽ പോലും വന്നില്ല. തിരഞ്ഞെടുപ്പിന് ഫണ്ട് പിരിവടക്കമുള്ള വിഷയങ്ങളാണ് ചർച്ചയ്ക്കെത്തിയത്. പ്രവർത്തിക്കാത്ത കമ്മിറ്റിക്ക് എന്തിനാണ് ഫണ്ടെന്ന് ചിലർ സംശയം ഉന്നയിച്ചു. കമ്മിറ്റിയെ മരവിപ്പിച്ച് നിറുത്തിയിരിക്കുന്ന നടപടി സംഘടനാ മര്യാദക്ക് നിരക്കുന്നതല്ലെന്ന അഭിപ്രായവും ഉയർന്നു . സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യാൻ നവംബർ അഞ്ചിന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചാണ് പിരിഞ്ഞതെങ്കിലും സെക്രട്ടറിയുടെ കാര്യത്തിൽ വെള്ളപ്പുക കാണാനുള്ള സാദ്ധ്യത തീരെ വിരളമാണെന്നാണ് ജില്ലയിലെ നേതാക്കൾ പറയുന്നത്.

അടിച്ചുപിരിഞ്ഞ കമ്മിറ്റി

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങളിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് എട്ട് മാസം മുമ്പ് കൊട്ടാരക്കരയിൽ നടന്ന പാർട്ടിയോഗത്തിലുണ്ടായത്. ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ചേർന്നയോഗം കൈയ്യാങ്കളിയുടെ വക്കിലാണവസാനിച്ചത്. 20 വർഷമായി ലൈബ്രറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഡി.സുകേശനെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിക്കണമെന്നായിരുന്നു കാനം പക്ഷക്കാരുടെ ആവശ്യം. 20 വർഷമായിരിക്കുന്ന ആളിനെ മാറ്റി പുതിയൊരാൾക്ക് അവസരം നൽകണമെന്നായി മൃഗീയ ഭൂരിപക്ഷമുള്ള കാനം വിരുദ്ധപക്ഷം. തീരുമാനത്തെ ശക്തമായി എതിർത്ത പി.എസ് സുപാൽ അടക്കമുള്ളവർക്കെതിരെ പാർട്ടി നടപടി എടുക്കേണ്ടി വന്നു. ഒടുവിൽ ഡി.സുകേശനെത്തന്നെ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കാനം നേരിട്ട് നിശ്ചയിച്ചു. താത്‌കാലിക ജില്ലാ സെക്രട്ടറിയായി ആദ്യം മുല്ലക്കര രത്നാകരൻ എം.എൽ.എ യെ സംസ്ഥാന നേതൃത്വം നിയമിച്ചിരുന്നു. എന്നാൽ മുല്ലക്കര നീണ്ട അവധിയെടുത്തു പോയി. പിന്നീട് സംസ്ഥാന നേതൃത്വം നിയോഗിച്ചത് കെ.ആർ ചന്ദ്രമോഹനനെയാണ്. പ്രായത്തിന്റെ അവശതകളും രോഗവും അലട്ടുന്ന അദ്ദേഹവും വല്ലപ്പോഴും വന്നുപോകുന്നതല്ലാതെ പ്രവർത്തനമൊന്നും നടക്കുന്നില്ല.

കാനത്തിന്റെ വാശി

തന്നെ എതിർക്കുന്നവർക്ക് ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റിയെ നിലയ്ക്ക് നിറുത്താനാണ് കാനത്തിന്റെ ശ്രമമെങ്കിലും അദ്ദേഹത്തിന്റെ ഒരു നടപടികൾക്കും ജില്ലാ കമ്മിറ്റിയുടെ അംഗീകാരം ലഭിയ്ക്കാത്തതിലുള്ള ഈർഷ്യയാണ് പ്രകടിപ്പിക്കുന്നതെന്നാണ് ജില്ലയിലെ നേതാക്കൾ പറയുന്നത്. 13 വർഷത്തോളം സി.എം.പിയിൽ പ്രവർത്തിച്ച ശേഷം സി.പി.ഐയിലേക്ക് വന്ന ആർ.രാജേന്ദ്രനെത്തന്നെ ജില്ലാ സെക്രട്ടറിയാക്കണമെന്നാണ് കാനത്തിന്റെ പിടിവാശി. സി.എം.പിയിലായിരുന്ന കാലം മുഴുവൻ സി.പി.ഐക്കാർക്കെതിരെ പ്രസംഗിക്കുകയും വിമർശിക്കുകയും ചെയ്തയാളെ ജില്ലാ സെക്രട്ടറിയായി അംഗീകരിക്കില്ലെന്നാണ് ജില്ലാകമ്മിറ്റിയിലെ ഭൂരിപക്ഷ നിലപാട്. വോട്ടിനിട്ടാൽ തന്റെ നിലപാടിന് തിരിച്ചടിയേൽക്കുമെന്ന് കാനത്തിനും ഉത്തമബോദ്ധ്യമുണ്ട്. അവസാനത്തെ ഒരുവർഷം കൊല്ലം കോർപ്പറേഷൻ മേയറെ നിശ്ചയിക്കുന്നതിലും കാനത്തിന്റെ ഇടപെടലുണ്ടായി. ജില്ലാ കമ്മിറ്റി മറ്റൊരാളെ മേയറാക്കാനാണ് തീരുമാനിച്ചത്. എന്നാൽ ജില്ലാ കമ്മിറ്റിയെയും കീഴ്‌വഴക്കങ്ങളെയും മറികടന്ന് ഹണി ബഞ്ചമിനെ മേയറാക്കാൻ കാനം നേരിട്ട് തീരുമാനിക്കുകയായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി സുകേശനെ നിശ്ചയിച്ചതും കാനമാണ്. പ്ളാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്ന ജെ.ഉദയഭാനുവിനെ രായ്ക്‌ രാമാനം രാജിവയ്പിച്ച് എച്ച്. രാജീവനെ അവരോധിച്ചതും കാനത്തിന്റെ പിടിവാശിയായിരുന്നു. രാജീവൻ മനുഷ്യാവകാശ കമ്മിഷനംഗമായി പോയതോടെ പ്ളാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു- ജില്ലാ നേതാക്കൾ തെളിവുകൾ നിരത്തുന്നു.

സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കുമോ ?

സംഘടനാസംവിധാനമാകെ അലങ്കോലമായിക്കിടക്കുന്ന പാർട്ടിയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകുമോ എന്ന ആശങ്കയാണിപ്പോൾ ഉയരുന്നത്. ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അതത് ലോക്കൽ കമ്മിറ്റികളാണ്. സ്ഥാനാർത്ഥി പാനലിന് മണ്ഡലം കമ്മിറ്റിയുടെ അംഗീകാരം നേടണം. ബ്ളോക്ക് പഞ്ചായത്ത് , മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അതത് മണ്ഡലം കമ്മിറ്റികളാണ്. കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലേക്കുമാണ് ജില്ലാ കമ്മിറ്റിയുടെ ഇടപെടൽ വേണ്ടിവരുന്നത്. കൂടാതെ ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളുണ്ടായാൽ പരിഹരിക്കേണ്ടത് ജില്ലാ കമ്മിറ്റിയാണ്.