halloween

വീടിനു മുന്നിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യശരീരങ്ങൾ. വീടിന്റെ ടെറസിൽ കൈ താഴേക്കായി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു മറ്റൊരാൾ. ഒരു കറുത്ത പ്ലാസ്റ്റിക് കവറിൽ മൃതദേഹം പൊതിഞ്ഞു വച്ചിരിക്കുന്നു. ടെക്സാസിലെ ഡാലസിലാണ് ഈ രംഗങ്ങൾ. പേടിപ്പെടുത്തുന്ന കാഴ്ച കണ്ട് ആളുകൾ പൊലീസിനെ വിളിച്ചുവരുത്തി. വിവരം അറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. എന്നാൽ, കാര്യങ്ങൾ വിശദമായി അന്വേഷിച്ചപ്പോഴാണ് ഈ 'ശവങ്ങളെ' കണ്ട് പേടിക്കേണ്ടതില്ലെന്ന് പൊലീസിന് മനസ്സിലായത്. ഭയാനകമായ ഈ രംഗങ്ങൾ യാഥാർത്ഥ്യമാണെന്നാണ് അയൽവാസികൾ കരുതിയത്. എന്നാൽ, ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായാണ് വീടിന്റെ മുൻവശം സ്റ്റീവൻ നൊവാക് അലങ്കരിച്ചത്. ഇത് അറിഞ്ഞതോടെ അലങ്കാരങ്ങൾ ഒക്കെ ഒന്ന് വിശദമായി കണ്ട് പൊലീസ് തിരിച്ചുപോയി. ടെക്സാസിലെ ഡാലസിൽ നിന്നുള്ള പ്രശസ്തനായ കലാകാരനാണ് സ്റ്റീവൻ നൊവാക്. അയൽക്കാരുടെ അഭ്യർത്ഥനയെ തുടർന്ന് കഴിഞ്ഞ ആറു വർഷമായി തന്റെ വീടിന്റെ മുൻഭാഗം അലങ്കരിക്കുന്നു. ആദ്യമൊക്കെ അലങ്കാരങ്ങൾ ആരംഭിച്ചത് പ്രേതങ്ങളും മൂടൽമഞ്ഞും ഒക്കെ ആയിട്ടായിരുന്നു. അങ്ങനെയങ്ങനെ അലങ്കരിച്ചാണ് ഇത്രയും ഭീകരമായ അലങ്കാരത്തിലേക്ക് സ്റ്റീവൻ എത്തിയത്. വീടിന്റെ മുൻവശത്തെ പൂന്തോട്ടത്തിൽ രക്തത്തിൽ കുളിച്ച് ചിതറിക്കിടന്നത് ഡമ്മികളായിരുന്നു. അതേസമയം, വീൽബാറോയിൽ നിറച്ചുവച്ച രക്തവും കൈകാലുകളുമാണ് തന്റെ സൃഷ്ടിയിൽ ഏറ്റവും കലാപരമെന്ന് സ്റ്റീവൻ പറയുന്നത്.

അയൽക്കാരുടെ പരാതികളൊന്നും സ്റ്റീവൻ കാര്യമാക്കുന്നില്ല. അടുത്ത വർഷം ഇതിലും വലിയ സൃഷ്ടി നടത്തുമെന്നാണ് സ്റ്റീവൻ പറയുന്നത് . പാശ്ചാത്യരാജ്യങ്ങളിൽ ഇത് ഹാലോവീൻ ആഘോഷങ്ങളുടെ സമയമാണ്. ക്രിസ്തുമത വിശ്വാസം അനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസം, അതായത് ഒക്ടോബർ 31ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷങ്ങൾ. വീടുകൾക്ക് മുമ്പിൽ ഹാലോവീൻ രൂപങ്ങൾ വച്ച് ഈ സമയത്ത് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ പോലെയുള്ള പേടിപ്പെടുത്തുന്ന രൂപങ്ങൾ വച്ചാണ് അലങ്കരിക്കുന്നത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും ഇതിന്റെ ഭാഗമാണ്.