esi

കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ കാൻസർ വാർഡിൽ കൊവിഡ് സുരക്ഷാ ക്രമീകരണമില്ല. കാൻസർ വാർഡ് പ്രവർത്തിച്ചിരുന്ന സമയത്ത് യാതൊരു പരിശോധനയും നിയന്ത്രണവുമില്ലാതെയാണ് രോഗികളെ പ്രവേശിപ്പിച്ചിരുന്നത്. പുതിയ ഡോക്ടറെ നിയമിച്ച് കൊവിഡ് പ്രതിരോധ നടപടികളില്ലാതെ കാൻസർ വാർഡ് പ്രവർത്തനം തുടങ്ങിയാൽ വലിയ ദുരന്തങ്ങമാകും സംഭവിക്കുക.

വിവിധ ആശുപത്രികളിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയ്ക്ക് പോകുന്നവരിൽ ചെറിയൊരു വിഭാഗത്തിനെങ്കിലും ഇപ്പോൾ കൊവിഡ് ബാധിക്കുന്നുണ്ട്. കാൻസർ രോഗികൾക്ക് പ്രതിരോധ ശേഷി വളരെ കുറവാണ്. അതുകൊണ്ട് തന്നെ കൊവിഡ് വേഗത്തിൽ ബാധിക്കാനും പെട്ടെന്ന് മരണത്തിന് കീഴടങ്ങാനും സാദ്ധ്യതയുണ്ട്.

ഇതിന്റെ പഴി ചികിത്സിക്കുന്ന ഡോക്ടർമാർ ഏറ്റെടുക്കേണ്ടി വരും. അതുമാത്രമല്ല കീമോ തെറാപ്പിയുടേതടക്കം പല മരുന്നുകളും സ്റ്റോക്കും കാണില്ല. ഇ.എസ്.ഐ ആനുകൂല്യമുള്ളവർ പുറത്ത് നിന്ന് മരുന്ന് വാങ്ങിയാൽ അതിനുള്ള പണം തിരികെ ലഭിക്കും. പക്ഷെ കാൻസറിനുള്ള വില കൂടിയ മരുന്നുകളിൽ പലതും മെഡിക്കൽ സ്റ്റോറുകളിൽ കിട്ടാറില്ല. ഇങ്ങനെയുള്ള പരാധീനതകളുള്ളത് കൊണ്ടാണ് ഇ.എസ്.ഐ ആശുപത്രിയിൽ ആരും സേവനത്തിന് തയ്യാറാകാത്തതെന്നാണ് ഓങ്കോളജിസ്റ്റുകൾ പറയുന്നത്.

 ചികിത്സിക്കാൻ ഡോക്ടറെ കിട്ടാനില്ല

കഴിഞ്ഞ ജനുവരിയിൽ പുതിയ ഡോക്ടറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ആരുമെത്തിയില്ല. മാസങ്ങൾക്ക് ശേഷം വീണ്ടും അപേക്ഷ ക്ഷണിച്ചാണ് വനിതാ ഡോക്ടറെ നിയമിച്ചത്. ഇവർ പ്രസവ ചികിത്സയ്ക്കായി അടുത്ത ജനുവരി വരെ അവധിയിൽ പോവുകയായിരുന്നു. നിലവിൽ പാർട്ട് ടൈമായാണ് വനിതാ ഡോക്ടർ സേവനം അനുഷ്ഠിച്ചിരുന്നത്. നേരത്തെ ഫുൾ ടൈം ഡോക്ടർക്കായും അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ആരും തയ്യാറാകുന്നില്ല. അതേ സമയം ഓങ്കോളജിസ്റ്റിന്റെ സ്ഥിരം തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനും ഇ.എസ്.ഐ കോർപ്പറേഷൻ നടപടി സ്വീകരിക്കുന്നില്ല.