ഇല്ലെന്ന് മറുപക്ഷം
കൊല്ലം: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നെടുമ്പനയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ നെടുനീളൻ പട്ടികയുമായി നിൽക്കുകയാണ് ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്. തകർന്ന് കിടക്കുന്ന റോഡുകളും കുടിവെള്ള ക്ഷാമവും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളുമായി മറുവശത്ത് പ്രതിപക്ഷവും.
ഒന്നും രണ്ടുമല്ല, നാല് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് നെടുമ്പന ജില്ലാ പഞ്ചായത്ത് ഡിവിഷൻ. നെടുമ്പന പഞ്ചായത്തിലെ ഒരു വാർഡ് ഒഴികെ മറ്റ് പ്രദേശങ്ങളും ആദിച്ചനല്ലൂർ, കരീപ്ര, ഇളമ്പള്ളൂർ പഞ്ചായത്തുകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുമാണ് ഈ ഡിവിഷനിലുള്ളത്. ഭൂരിഭാഗവും തികഞ്ഞ ഗ്രാമീണ മേഖല. ആയിരക്കണക്കിന് കശുഅണ്ടി തൊഴിലാളികൾ ഇവിടെയുണ്ട്. മറ്റ് പരമ്പരാഗത തൊഴിലാളികൾ ഏറെയുള്ള പ്രദേശം കൂടിയാണിത്.
സി.പി. പ്രദീപ് എന്ന എ.ഐ.വൈ.എഫ് നേതാവിനെതിരെ കഴിഞ്ഞതവണ കളത്തിലിറങ്ങിയത് യൂത്ത് കോൺഗ്രസ് നേതാവായ കുളപ്പാടം ഫൈസലാണ്. തീപ്പൊരി മത്സരമായിരുന്നു. അതിർത്തി പുനർനിർണയത്തിന് ശേഷം യു.ഡി.എഫ് ഒരിക്കൽ പോലും പച്ചതൊട്ടിട്ടില്ലാത്ത ഇവിടെ ആയിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു കഴിഞ്ഞ തവണത്തെ എൽ.ഡി.എഫ് വിജയം. ബി.ജെ.പിയും മികച്ച പ്രകടനം കാഴ്ചവച്ചു.
ഭരണപക്ഷം
1. ചില പ്രത്യേക ഡിവിഷനുകൾക്കായി ആവിഷ്കരിച്ചതടക്കം ജില്ലാ പഞ്ചായത്തിന്റെ ഒട്ടുമിക്ക പദ്ധതികളും നെടുമ്പനയിൽ നടപ്പാക്കി
2. കുണ്ടുമണിൽ വഴിയോര വിശ്രമകേന്ദ്രം
3. ആദിച്ചനല്ലൂരിൽ പകൽ വീട്
4. കരീപ്രയിൽ സാമൂഹ്യ പഠനകേന്ദ്രം
5. 4.30 കോടിയുടെ റോഡ് വികസനം
6. വിവിധ കുളങ്ങൾ നവീകരിച്ചു
7.1.20 കോടിയുടെ മണ്ണ് ജല സംരക്ഷണ പദ്ധതി
8. അങ്കണവാടികളുടെ നിർമ്മാണത്തിന് 30 ലക്ഷം
9. 350 പേർക്ക് കൊവിഡ് ചികിത്സാ സഹായം
10. പള്ളിമൺ സ്കൂളിന് 50 ലക്ഷം രൂപയുടെ പുതിയ കെട്ടിടം, ഇതിന് പുറമേ 50 ലക്ഷം രൂപയുടെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ
11. ആദിച്ചനല്ലൂർ സ്കൂളിൽ 35 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി, ഇതിന് പുറമേ ബഞ്ച്, ഡെസ്ക് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ
സി.പി. പ്രദീപ്
ജില്ലാ പഞ്ചായത്ത് അംഗം
പ്രതിപക്ഷം
1. കാർഷിക മേഖലയിൽ പദ്ധതികളുണ്ടായില്ല, നിലങ്ങൾ തരിശ് കിടക്കുന്നു
2. കുളപ്പാടം- ത്രിവേണി, കുടിക്കോട്- നവജീവൻ, നെടുമൺകാവ്, കുടിക്കോട് അടക്കമുള്ള പ്രധാനപ്പെട്ട റോഡുകൾ തകർന്നുകിടക്കുന്നു
3. കുടിവെള്ളം പലയിടങ്ങളിലും ഇല്ല
4. ആരോഗ്യ മേഖലയിൽ വലിയ അവഗണനയുണ്ടായി, നെടുമ്പന ആയുർവേദ ആശുപത്രി കോമ്പോണ്ടിൽ ഏക്കർ കണക്കിന് സ്ഥലമുണ്ടായിട്ടും പ്രയോജനപ്പെടുത്തിയില്ല
6. മാലിന്യ സംസ്കരണത്തിന് പദ്ധതികളില്ല. വഴിനീളെയും ജലാശയങ്ങളിലും മാലിന്യം
7. പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഒന്നുപോലുമില്ല
8. കൊവിഡ് പ്രതിരോധം പാളി, നെടുമ്പന ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല
9. ലൈബ്രറികൾ നവീകരിച്ച് ഉപയോഗപ്രദമാക്കിയില്ല
10 തൊഴിലില്ലാത്ത കശുഅണ്ടി തൊഴിലാളികളെ തിരിഞ്ഞുനോക്കിയില്ല
11. യുവാക്കൾക്ക് അടക്കം പ്രയോജനപ്പെടുന്ന തരത്തിൽ ഒരു വ്യവസായ യൂണിറ്റ് പോലും ആരംഭിച്ചില്ല
ഫൈസൽ കുളപ്പാടം
യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി