chillu-kamala-studio-ovm
ഓടനാവട്ടത്ത് വാഹനത്തിൽ നിന്നും തെറിച്ചുവീണ കല്ല് അടിച്ച് കമലാ സ്റ്റുഡിയോയുടെചില്ലുകൾ തകർന്ന നിലയിൽ

ഓടനാവട്ടം: ജപ്പാൻ കുടിവെള്ളത്തിനായി കാത്തിരിക്കുകയായിരുന്നു വെളിയം പഞ്ചായത്തിലെ നാട്ടുകാർ. പത്തുവർഷത്തോളം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന നീണ്ട സമരങ്ങൾക്കൊടുവിൽ കുടിവെള്ളപദ്ധതി അനുവദിച്ചു. എന്നാൽ ആറുമാസമായിട്ടും പദ്ധതിയുടെ പണി പൂർത്തിയാകാതെ പാതിവഴിയിലുപേക്ഷിച്ച മട്ടാണ്. പദ്ധതി ശരിയായതുമില്ല പദ്ധതിയ്ക്കായി കിളച്ചുമറിച്ചിട്ട റോഡ് കുളമാകുകയും ചെയ്തു. റോഡ് തകർന്നതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് അതുവഴിയുള്ള യാത്രക്കാരും സമീപത്തെ വ്യാപാരസ്ഥാപനങ്ങളും.

റോഡ് തകർന്നു

ഓടനാവട്ടം-നെടുമൺകാവ്, ഓടനാവട്ടം -വാളകം എന്നീ പൊതുമരാമത്ത് റോഡുകളിലാണ് കുടിവെള്ള പദ്ധതിയ്ക്കായി റോഡ് തകർത്തിട്ടിരിക്കുന്നത്. കുഴികൾ വേണ്ടവിധം നികത്താത്തതിനാൽ മെറ്റലുകൾ ഇളകിമറിഞ്ഞുകിടക്കുകയാണ്. ഇതിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ പാറക്കഷണങ്ങൾ തെറിച്ചുവീണ് യാത്രക്കാർക്ക് പരിക്കും വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങളും ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓടനാവട്ടം ജംഗ്ഷനിൽ പ്രവ‌ർത്തിക്കുന്ന കമലാ സ്റ്റുഡിയോയിലെ വാതിലിന്റെ ചില്ലിൽ പാറക്കഷണം വീണ് തകർന്നു. അതുപോലെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലും ഇത്തരം കല്ലുകൾ തെറിച്ചുവീണ് കേടുപാടുകൾ സംഭവിക്കുന്നു. പരിക്കുപറ്റി ചികിത്സ തേടുന്ന കാൽനടയാത്രക്കാരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്.

ശീതസമരം വെള്ളം മുടക്കി

വെളിയം പഞ്ചായത്ത് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ്. വകുപ്പുമന്ത്രി, എം.പി, എം.എൽ.എ , പഞ്ചായത്ത് അധികൃതർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കുടിവെള്ള പദ്ധയിയുടെ കാര്യത്തിൽ നടപടിയായില്ല. ജലവിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ശീതസമരമാണ് ചുവപ്പുനാടയിൽ കുരുങ്ങി പദ്ധതിയ്ക്ക് തടസം നേരിടുന്നതിന് പിന്നിലെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിവരം. ജപ്പാൻ കുടിവെള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നും അതോടൊപ്പം റോഡിന്റെ ശോച്യാവസ്ഥ മാറ്റമമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


വർഷങ്ങളായി നല്ല നിലവാരത്തിലായിരുന്ന റോഡ് പൊട്ടിപ്പൊളിച്ചാണ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമിട്ടത്. റോഡാകെ തകർന്നു,​ വാഹനം പോയപ്പോൾ തെറിച്ചുവീണ കല്ല് എന്റെ സ്ഥാപനത്തിന്റെ ചില്ല് തകർത്തു. ഞാനും സ്ഥാപനത്തിലുണ്ടായിരുന്നവരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.നഷ്ടപരിഹാരം ലഭിക്കണം. അതോടൊപ്പം കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തിയാക്കണം.

സാബുകൃഷ്ണ, കമലാ സ്റ്റുഡിയോ, ഓടനാവട്ടം


റോഡിൽ ഇളകിക്കിടക്കുന്ന പാറച്ചില്ലുകൾ ഗട്ടറുകൾ എന്നിവ അടിയന്തരമായി ഒഴിവാക്കണം.. യാത്രക്കാരും വ്യാപാരികളും ഇതുമൂലം വളരെ ബുദ്ധിമുട്ടുകയാണ്.അടിക്കടി അപകടങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ഏറ്റെടുക്കണം.

ജെ.ജോൺ വിൽഫ്രഡ്, വ്യാപാരവ്യവസായി ഏകോപനസമിതി പ്രസിഡന്റ്, വെളിയം പഞ്ചായത്ത്