x-c
ജപ്തി ഭീഷണി നേരിടുന്ന മണപ്പള്ളി തെക്ക് വ്യവസായ സഹകരണ സംഘം

തഴവ: തഴവ മണപ്പള്ളി തെക്ക് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കോ-ഒപ്പറേറ്റീവ് സൊസൈറ്റി ജപ്തി ഭീഷണി നേരിടുന്നു.

1972ൽ സംസ്ഥാന ഖാദി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച സംഘത്തിൽ ഇരുന്നൂറോളം തൊഴിലാളികൾ അംഗങ്ങളായുണ്ടായിരുന്നു. പ്രദേശത്തെ കുടിൽ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകിയ ഈ സ്ഥാപനം ചുരുങ്ങിയ കാലയളവിൽ തന്നെ പുരോഗതി കൈവരിച്ചിരുന്നു. തഴപ്പായ് ഉൾപ്പടെ വിവിധ നെയ്ത്ത് ജോലികളിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചും പരിശീലനം പൂർത്തീകരിച്ചവർക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ നൽകിയും അസംസ്കൃത വസ്തുക്കൾ വാങ്ങാൻ ചെറുകിട വായ്പകൾ നൽകിയും സംഘം പ്രദേശത്തെ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായി. 1976ൽ സംഘത്തിന്റെ പേരിൽ 28 സെന്റ് സ്ഥലം വാങ്ങുകയും 78ൽ ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തതോടെ പ്രാഥമിക അംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. എന്നാൽ 92 കാലഘട്ടത്തോടെ സംഘം കടക്കെണിയിൽ അകപ്പെടുകയായിരുന്നു.

1972ൽ ഖാദി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു

1978ൽ ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി

1992 കാലഘട്ടത്തോടെ സംഘം കടക്കെണിയിൽ അകപ്പെട്ടു

10 ലക്ഷത്തിന്റെ കടബാദ്ധ്യത

വിവിധ പദ്ധതികൾക്കായി ഖാദി ബോർഡിൽ നിന്ന് വാങ്ങിയ വായ്പാത്തുക തിരികെ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതാണ് കടബാദ്ധ്യതയ്ക്ക് കാരണം. വായ്പാത്തുക തിരികെ അടയ്ക്കുന്നതിൽ കാലതാമസം വന്നതുമൂലം സബ്സിഡി ഉൾപ്പടെയുള്ള പ്രഖ്യാപിത ആനുകൂല്യങ്ങൾ നഷ്ടമായതോടെ സംഘം തകർച്ചയിലേക്ക് കൂപ്പുകുത്തി. സംസ്ഥാന ഖാദി ബോർഡിൽ സംഘത്തിന് നിലവിൽ പത്ത് ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയുണ്ട്. തുക തിരികെ പിടിക്കാൻ ജപ്തി നടപടികളുമായി ബോർഡ് മുന്നോട്ട് പോകുമ്പോൾ കോടതി വ്യവഹാരത്തിലൂടെ പരിഹാരം കാണാനാണ് നിലവിലുള്ള ഭരണസമിതി അംഗങ്ങൾ ശ്രമിക്കുന്നത്.

40 ലക്ഷം രൂപ വിലയുള്ള സ്ഥലം

ശരാശരി നാൽപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന സ്ഥലമാണ് സംഘത്തിന് സ്വന്തമായുള്ളത്. കടബാദ്ധ്യത മൂലം പ്രവർത്തനം നിന്നതോടെ കെട്ടിടം ജീർണിച്ച് എതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ചുറ്റുപാടും കാടുകയറി നാശത്തിലേക്ക് നീങ്ങുന്ന സംഘത്തെ കടബാദ്ധ്യതയിൽ നിന്ന് കരകയറ്റിയില്ലെങ്കിൽ തഴവയ്ക്ക് നഷ്ടമാകുന്ന മൂന്നാമത്തെ വ്യവസായ സംഘമാവും ഇത്.

സംഘത്തിന്റെ നിലനിൽപ്പിന് അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്. ജനകീയ സഹകരണത്തോടെ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് വേണ്ടത്.

കെ.പി. രാജൻ

എസ്.എൻ.ഡി.പി യോഗം

ഡയറക്ടർ ബോർഡ് അംഗം