photo

കൊല്ലം: വിശുദ്ധ ചാവറയച്ചന്റെ ജീവിത കഥ സിനിമയായപ്പോൾ പാടാൻ നിയോഗം സന്യാസിവര്യന്. ശാന്തിഗിരി ആശ്രമത്തിന്റെ മധുര, ചെന്നൈ മേഖലയുടെ ചുമതലക്കാരനായ സ്വാമി സ്നേഹാത്മജ്ഞാന തപസ്വിയാണ് സിനിമാ പാട്ടുകാരനായത്."ഇരുളലകൾ പുലരിക്കായ് കാതോർത്തു നിന്നു, ഹിമകളിൽ അഗ്നി പുഷ്പം വിടരാൻ...." എന്ന ഗാനമാണ് സ്വാമി പാടിയത്. മെഹ്ബൂബ് സൽമാൻ, ഹാഷിം, പൂജിതാമേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'വിശുദ്ധ ചാവറയച്ചൻ' സിനിമ പൂർത്തിയായെങ്കിലും, കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നീണ്ടുപോവുകയാണ്. സിനിമയിലെ അഞ്ച് പാട്ടുകളിൽ, ചാവറ അച്ചന്റെ ജനനം മുതലുള്ള ഭാഗം കാണിക്കുന്ന ശ്രദ്ധേയമായ പാട്ടിനാണ് സ്വാമി സ്വരമാധുര്യം പകർന്നത്.അനിൽ ചേർത്തലയുടെ വരികൾക്ക് ഗിരീഷ് നാരായണനാണ് സംഗീതം നൽകിയത്.

മുൻപ് യേശുവിനെയും നബിയെയും അയ്യപ്പനെയും സ്തുതിച്ചുള്ള പാട്ടുകളും സ്വാമി പാടിയിട്ടുണ്ട്. ശാന്തിഗിരിയുടെ ആൽബങ്ങൾക്കായി നാല്പതിൽപ്പരം പാട്ടുകൾ പാടി. ചേർത്തല സ്വദേശിയായ സ്വാമി 1995ലാണ് ബ്രഹ്മചാരിയായത്, 1999ൽ സന്യാസിയായി. പൂർവാശ്രമത്തിൽ ഗാനമേളയ്ക്കും നാടകങ്ങൾക്കും വേണ്ടി പാടുമായിരുന്നു. കൊച്ചിൻ കലാകേന്ദ്രമെന്ന നാടക ട്രൂപ്പിലെ പ്രധാന ഗായകനും, സി.പി.എം ഗായക സംഘത്തിലെ അംഗവുമായിരുന്നു.സന്യാസ ദീക്ഷ സ്വീകരിച്ചതോടെ അതിൽനിന്നൊക്കെ അകലം പാലിച്ചു.

ഇപ്പോൾ ആശ്രമത്തിന്റെ ഭാഗമായ, അനിൽ ചേർത്തല കഥയും തിരക്കഥയും പാട്ടുകളുമെഴുതിയ ചിത്രത്തിലേക്ക് സ്വാമിയെ പാടാൻ ക്ഷണിച്ചപ്പോൾ ആശ്രമത്തിന്റെ പിന്തുണയും ലഭിച്ചു. ക്രിസ്മസ് നാളുകളിൽ കോട്ടയം തിരുനക്കര മൈതാനത്തെ മതസൗഹാർദ്ദ സമ്മേളനങ്ങളിൽ മിക്ക വർഷങ്ങളിലും പാടാറുള്ള സ്വാമിയുടെ മതാതീത പ്രവർത്തനങ്ങൾക്കും ഈ സിനിമാ ഗാനം മുതൽക്കൂട്ടാവും.

''

ദുബായിലും യു.കെയിലുമടക്കം ഒട്ടേറെ സത്സംഗുകളിൽ പാടിയെങ്കിലും, സിനിമയിൽ പാടിയതിന്റെ സന്തോഷം വലുതാണ്.

-സ്വാമി സ്നേഹാത്മജ്ഞാന തപസ്വി

"

സ്വാമിയുടെ പാട്ടുകൾ മിക്കപ്പോഴും കേൾക്കാറുണ്ട്. പ്രമുഖ ഗായകരുടെ ശബ്ദവുമായി താരതമ്യം ചെയ്തപ്പോൾ ഈ ഗാനത്തിന് ഏറ്റവും ഉചിതം സ്വാമിയുടെ ശബ്ദമെന്ന് തോന്നി. വിശുദ്ധ ചാവറയച്ചനെന്ന സിനിമയിലൂടെ സന്യാസിയായ ഗായകനെ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം.

അനിൽ ചേർത്തല