പുനരുദ്ധാരണ ജോലികൾ പുനരാരംഭിച്ചത് കേരളകൗമുദിവാർത്തയെ തുടർന്ന്
പുനലൂർ: പ്രതിഷേധങ്ങൾക്കൊടുവിൽ കല്ലടയാറിന് തീരത്തെ പുനലൂർ ടി.ബി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്നാനഘട്ടത്തിന്റെയും അയ്യപ്പ ഭക്തരുടെ വിശ്രമ കേന്ദ്രത്തിന്റെയും പുനരുദ്ധാരണ ജോലികൾ പുനരാരംഭിച്ചു. എട്ട് മാസം മുമ്പ് മേൽക്കൂര പൊളിച്ച വിശ്രമ കേന്ദ്രത്തിന്റെ പുനരുദ്ധാരണ ജോലികൾ അധികൃതർ ഉപേക്ഷിച്ച് പോയിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദിയിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുടങ്ങി കിടന്ന പുനരുദ്ധാരണ ജോലികൾ ഇന്നലെ വീണ്ടും പുനരാരംഭിച്ചത്.
ഒരാഴ്ചക്കുള്ളിൽ മേൽകൂര റെഡി
അടുത്ത മാസം ശബരിമല സീസൺ ആരംഭിക്കുന്നത് കണക്കിലെടുത്താണ് ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മേൽകൂര പൊളിച്ച് മാറ്റിയ വിശ്രമ കേന്ദ്രത്തിന്റെ പുനരുദ്ധാരണ ജോലികൾ വീണ്ടും പുനരാരംഭിച്ചത്.ഒരാഴ്ചക്കുളളിൽ വിശ്രമ കേന്ദ്രത്തിന്റെ മേൽകൂര പുനസ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്.
അയ്യപ്പഭക്തരുടെ ഇടത്താവളം
തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണ്ണാടക, മഹാരാഷ്ട്രാ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇടത്താവളമായ പുനലൂർ വഴി ശബരിമല ദർശനത്തിന് പോകാൻ എത്തുന്ന അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ് കല്ലടയാറിന്റെ തീരത്ത് വിശ്രമ കേന്ദ്രം, സ്നാനഘട്ടം,കാന്റീൻ, ശൗചാലയം തുടങ്ങിയവ പത്ത് വർഷം മുമ്പ് പണിതത്. എന്നാൽ നിർമ്മാണത്തിലെ അപാകതയും പുനരുദ്ധാരണ ജോലികൾ യഥാസമയങ്ങളിൽ ചെയ്യാതിരുന്നതും വിശ്രമ കേന്ദ്രം ഉൾപ്പടെയുളളവ നശിക്കാനിടയാക്കി. മദ്യപാനികളുടെയും സാമൂഹികവിരുദ്ധ സംഘടങ്ങളുടെയും താവളമായി ഇവിടം മാറിയിരുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുനലൂരിലെ വിശ്രമ കേന്ദ്രം 77ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധരിക്കുന്നത്. ഇത് കൂടാതെ കുളിക്കടവിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സംരക്ഷണ വേലിയും സമീപത്ത് പ്രവേശന കവാടവും പണിയും.
സി.സന്തോഷ്കുമാർ,ഡി.ടി.പി.സി സെക്രട്ടറി