ഇപ്പോഴത്തെ വില: 345 രൂപ
ഒക്ടോബർ 15ന്: 300
സാദാമുളക്:160 രൂപ
കൊല്ലം: നിറം കൂടുതലും എരിവ് കുറവുമുള്ള കാശ്മീരി പിരിയൻ മുളകിന്റെ വില കുത്തനെ ഉയർന്നു. കഴിഞ്ഞ മാസം 15ന് 300 രൂപയായിരുന്ന ഒരു കിലോ കാശ്മീരി പിരിയന്റെ വില കഴിഞ്ഞ ദിവസം 345 ആയി ഉയർന്നു. മംഗലാപുരത്ത് സീസൺ കഴിഞ്ഞതാണ് വില ഉയരാനുള്ള കാരണമായി പറയുന്നത്.
കറിക്ക് സ്വാദ് ലഭിക്കാൻ ഒട്ടുമിക്ക കുടുംബങ്ങളിലും സാധാരണ മുളകിനൊപ്പം കാശ്മീരി പിരിയനും കൂടി ചേർത്താണ് പൊടിക്കുന്നത്. വൻകിട ഹോട്ടലുകളിൽ കൂടുതൽ സ്വാദ് ലഭിക്കാൻ കാശ്മീരി പിരിയൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ വില ഉയർന്നതോടെ ഇപ്പോൾ ആളുകൾ ഗുണ്ടൂർ പിരിയനാണ് കൂടുതലായി വാങ്ങുന്നത്. ഇതിന് പക്ഷെ കാശ്മീരിയേക്കാൾ ഏരിവ് കൂടുതലും നിറം അല്പം കുറവുമാണ്. ഗുണ്ടൂർ പിരിയന് ഇപ്പോൾ 205 രൂപയാണ് വില. ആന്ധ്രയിലെ ഗുണ്ടൂരിൽ നിന്നുള്ള സാദാമുളകിന് കിലോയ്ക്ക് 160 രൂപയായി തന്നെ നിൽക്കുകയാണ്.
ലോക്ക് ഡൗൺ കാലത്ത് സാധാരണ മുളകിന്റെ വില 200 ആയി ഉയർന്നിരുന്നു. പിന്നീട് 140 ലേക്ക് താഴ്ന്ന ശേഷമാണ് വീണ്ടും ഉയർന്നത്. ഡിസംബറിൽ ഗുണ്ടൂരിൽ സീസൺ ആരംഭിക്കുന്നതോടെ വില താഴുമെന്നാണ് പ്രതീക്ഷ.
സവാള വില താഴ്ന്നു
സവാളയുടെയും കൊച്ചുള്ളിയുടെയും വില താഴ്ന്നു. ഒരാഴ്ച മുൻപ് പൊതുവിണയിൽ 85 ആയിരുന്ന സവാള വില 75 ലേക്കാണ് ഇടിഞ്ഞത്. കൊച്ചുള്ളിയുടെ വില 95ൽ നിന്നും 86 ആയി താഴ്ന്നു. വരും ദിവസങ്ങളിൽ വില വീണ്ടും താഴാൻ സാദ്ധ്യതയുണ്ട്. അതേസമയം ബംഗളൂരു സവാള കിലോ 65 രൂപയ്ക്ക് പൊതുവിപണിയിൽ വില്പനയ്ക്കുണ്ട്.
വിപണി മാന്ദ്യത്തിന് കാരണം
1. സർക്കാരിന്റെ കിറ്റ് ലഭിക്കുന്നത് തുടരുന്നു
2. പൊതുവിപണിയിൽ ഒട്ടുമിക്ക ഇനങ്ങളുടെയും കച്ചവടം കുറഞ്ഞു
3. വിവാഹം അടക്കമുള്ള ചടങ്ങുകൾക്ക് തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു
4. ഹോട്ടലുകളിലെ കച്ചവടവും പകുതിയിൽ താഴെ
5. വരുമാനം നിലച്ചതിനാൽ ചെലവാക്കുന്നതിലും നിയന്ത്രണം
''
കൈയിൽ കാര്യമായി കാശ് ഇല്ലാത്തതിനാൽ സാധാരണ ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ അളവിൽ കുറവ് വന്നിട്ടുണ്ട്.
വ്യാപാരികൾ