കൊല്ലം: ലോക്ക് ഡൗണിൽ മഷി ഉണങ്ങിയ അച്ചടിശാലകളുടെ മടങ്ങിവരവിന് കൂടി വഴിയൊരുക്കുകയാണ് തദ്ദേശ തിരഞ്ഞെടുപ്പ് കാലം. ഉത്സവാരവങ്ങൾ ഉയർന്ന് തുടങ്ങിയ കാലത്തായിരുന്നു കൊവിഡ് വ്യാപനം തുടങ്ങിയത്. പിന്നാലെ ഉത്സവങ്ങൾക്കും ഒത്തു ചേരലുകൾക്കും നിയന്ത്രണം വന്നു. ഇതോടെ ചെറുതും വലുതുമായ നൂറ് കണക്കിന് ക്ഷേത്രങ്ങളുടെ ഏറ്റവും ആധുനികമായ വർണ നോട്ടീസുകൾ കൂട്ടത്തോടെ അച്ചടിച്ച് ഇറക്കേണ്ട പ്രസുകൾ നിശ്ചലമായി.
സപ്‌താഹങ്ങൾ, വിവിധ ദേവാലയങ്ങളിലെ ചടങ്ങുകൾ, രാഷ്ട്രീയ സമ്മേളനങ്ങൾ തുടങ്ങി ചടങ്ങുകളും ആഘോഷങ്ങളും പ്രാർത്ഥനകളും ലളിതമായാതോടെ ആരും അച്ചടിശാലകളിലേക്ക് വരാതായി. കല്യാണങ്ങളായിരുന്നു മറ്റൊരു വരുമാന മാർഗം. ചെറിയ തുക മുതൽ നൂറ് കണക്കിന് രൂപ മുടക്കുന്ന കല്യാണ കാർഡുകൾ വരെ അച്ചടിക്കുന്നവർ സമൂഹത്തിലുണ്ട്. നാട്ടിലെ ചെറുതും വലുതുമായ പ്രസുകൾക്കായിരുന്നു ഇതിന്റെയെല്ലാം നേട്ടം.
കല്യാണങ്ങൾ കൊവിഡ് മാനദണ്ഡങ്ങളിൽ ചുരുങ്ങിയതോടെ അൻപത് പേരെ വിളിക്കാൻ ക്ഷണക്കത്തിന്റെ ആവശ്യം ഇല്ലാതായി. ജില്ലയിലെ നൂറ് കണക്കിന് അച്ചടിശാലകളുടെ ഉടമകളും ആയിരക്കണക്കിന് തൊഴിലാളികളും ഇങ്ങനെ പ്രതിസന്ധിയിൽ ഉലയുമ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷയാകുന്നത്. ജനാധിപത്യത്തിന്റെ ഉത്സവം നാട്ടിലെ ആയിരക്കണക്കിന് സാധാരണ തൊഴിലാളികളുടെ ജീവിതത്തിന്റെ ഉത്സവം കൂടിയായി മാറുകയാണ്.
നേട്ടങ്ങൾ ഇങ്ങനെ
1. ഒരു പഞ്ചായത്തിൽ ശരാശരി 15 മുതൽ 22 വരെ വാർഡുകൾ
2. എല്ലാ വാർഡിലും മൂന്ന് മുന്നണി സ്ഥാനാർത്ഥികളും സ്വതന്ത്രരും ഉണ്ടാകും
3. ഇതിന് പുറമെ ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ
4. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ പോലെ വൻകിട കുത്തകകളിലേക്ക് മാത്രം അച്ചടി ജോലികൾ ഒതുങ്ങില്ല
5. ഇപ്പോൾ നാട്ടിലെ എല്ലാ പ്രസുകൾക്കും ജോലി ലഭിക്കും
6. ജീവനക്കാരുടെ വരുമാനത്തിന് വഴി തുറന്നു