കൊല്ലം: രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം പോർട്ടിലെത്തിയ ഹെവി ലിഫ്ട് കപ്പലായ ഹെംസ് ലിഫ്ട് നഡിൻ ഇന്ന് രാവിലെ 11ഓടെ മടങ്ങും. കപ്പലിൽ എത്തിച്ച ഐ.എസ്.ആർ.ഒയുടെ ഉപകരണങ്ങൾ ഇന്ന് റോഡ് മാർഗം തുമ്പയിലേക്ക് കൊണ്ടുപോയേക്കും.
ഇന്നലെ രാവിലെ ഏഴോടെയാണ് ഉപകരണങ്ങൾ കപ്പലിൽ നിന്ന് ഇറക്കിത്തുടങ്ങിയത്. വൈകിട്ട് അഞ്ചോടെ പൂർത്തിയായി. 40 ഓളം ടയറുകളുള്ള ഹെവി ആക്സിൽ വാഹനത്തിലാകും ഉപകരണങ്ങൾ തുമ്പയിലേക്ക് കൊണ്ടുപോകുക. ഒരു തവണ രണ്ട് ഉപകരണ ഭാഗങ്ങൾ വീതമാകും കൊണ്ടുപോവുക. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് കപ്പൽ കൊല്ലം പോർട്ടിൽ അടുത്തത്.
800 ടൺ ഭാരമുള്ള ഉപകരണങ്ങളുമായാണ് കപ്പൽ എത്തിയത്. നെതർലൻഡ് കപ്പൽ ഇന്ത്യൻ കോസ്റ്റൽ രജിസ്ട്രേഷനാക്കിയാണ് എത്തിച്ചത്. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ നെതർലൻസ് സ്വദേശിയായ കപ്പലിന്റെ ക്യാപ്ടൻ അടക്കമുള്ള 12 ജീവനക്കാരും പുറത്തിറങ്ങിയില്ല. കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള ക്രെയിനുകൾ ഉള്ള കപ്പൽ ഇന്ത്യയിൽ ഇല്ലാത്തതിനാലാണ് നെതർലൻഡ് കപ്പൽ വാടകയ്ക്ക് എടുത്തത്.