plant

 ആശങ്കകൾ അകറ്റി വിശദീകരണ യോഗം  തടസപ്പെടുത്തിയാൽ നടപടിയെന്ന് കളക്ടർ


കൊല്ലം: കുരീപ്പുഴയിലെ മാലിന്യ സംസ്കരണ പ്ളാന്റുമായി മുന്നോട്ടുപോകാൻ നഗരസഭ തീരുമാനിച്ചു. കുരീപ്പുഴ സൺബേ ഓഡിറ്റോറിയത്തിൽ മേയർ ഹണി ബെഞ്ചമിൻ, കളക്ടർ ബി. അബ്ദുൽനാസർ എന്നിവർ പങ്കെടുത്ത വിഷയാവതരണ യോഗത്തിൽ ജനങ്ങളുടെ ആശങ്ക അവസാനിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം.

വാട്ടർ അതോറിറ്റിയുടേയും കൊല്ലം കോർപ്പറേഷന്റേയും നേതൃത്വത്തിലാണ് കുരീപ്പുഴയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നത്. സംസ്കരണത്തിന് ആവശ്യമായ പൈപ്പ്ലൈനുകളുടെയും കിണറുകളുടെയും നിർമ്മാണം പുരോഗമിക്കുന്നുണ്ട്. കൊച്ചി ആസ്ഥാനമായുള്ള എ.ബി.എം സിവിൽ വെഞ്ചേഴ്‌സ്‌ ഹൈഡ്രോടെക്ക് പര്യാവരൺ എന്ന സ്വകാര്യ ഏജൻസിക്കാണ് നിർമ്മാണ ചുമതല.
ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, രാഷ്ട്രീയപ്പാർട്ടി നേതാക്കളായ ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, തടത്തിവിള രാധാകൃഷ്ണൻ, കോർപ്പറേഷൻ സെക്രട്ടറി കെ. ഹരികുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ സിമി, നിർമ്മാണ കമ്പനി പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.

 പ്രവർത്തനം വിശദീകരിച്ച് പ്രസന്റേഷൻ

മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ നിർദ്ദേശത്തെ തുടർന്നാണ് വിഷയാവതരണ യോഗം നടത്തിയത്. പ്ലാന്റിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് കോർപ്പറേഷൻ നിർമ്മിച്ച പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഗ്രാഫിക്‌സ് വീഡിയോയും പവർ പോയിന്റ് പ്രസന്റേഷനും യോഗത്തിൽ പ്രദർശിപ്പിച്ചു. പ്ലാന്റിലേക്കെത്തുന്ന മലിനജലത്തിന്റെ ഘട്ടങ്ങളായുള്ള സംസ്‌കരണം, പുനരുപയോഗ സാദ്ധ്യതകൾ എന്നിവയായിരുന്നു പ്രസക്ത ഭാഗങ്ങൾ.

 പ്രതിഷേധ സമരങ്ങളുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ മറികടന്ന് പ്ലാന്റ് യാഥാർത്ഥ്യമാക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണ ആവശ്യമാണ്. ആഗോളതലത്തിൽ പിന്തുടരുന്ന ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് പൂർണമായും പ്രകൃതി സൗഹാർദ്ദപരമായാണ് കുരീപ്പുഴയിൽ മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നത്. ജനസാന്ദ്രത കൂടിയ കോർപ്പറേഷൻ പരിധിയിലെ രൂക്ഷമായ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത്തോടെ പരിഹരമാകും.

ഹണി ബെഞ്ചമിൻ, മേയർ

 പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങൾ വരുംതലമുറയോട് ചെയ്യുന്ന ക്രൂരതയാണ് . പ്രകൃതിക്കും പൊതുജനങ്ങൾക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്ന വിധത്തിലല്ല പുതിയ പദ്ധതി. തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. പദ്ധതി തടസപ്പെടുത്തിയാൽ നടപടിയെടുക്കും.

ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ