പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പിക്ക് അപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് വാനിൽ കുടുങ്ങിയ ഡ്രൈവറുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. പിക്ക് അപ്പ് വാൻ ഡ്രൈവറായ ചെങ്കോട്ട വളതൈ സ്വദേശി കാശി രാജന്റെ(40) വലത് കൈക്കാണ് പരിക്കേറ്രത്. ഇന്നലെ പുലർച്ചെ 5.15ന് ദേശീയ പാതയിലെ പുനലൂരിന് സമീപത്തെ വാളക്കോട്ടായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും പുനലൂർ ഭാഗത്തേക്ക് മുന്തിരി കയറ്റിയെത്തിയ പിക്ക് അപ്പ് വാനും പുനലൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാനുളളിൽ കുടങ്ങി പോയ ഡ്രൈവറെ ഫയർഫോഴ്സ് ജീവനക്കാർ എത്തിയാണ് പുറത്തെടുത്തത്.അര മണിക്കൂറോളം ഡ്രൈവർ വാനിൽ കുടുങ്ങി. തുടർന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ച ഡ്രൈവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ദേശീയ പാതയിൽ ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. പുനലൂരിലെ ഫയർസ്റ്റേഷൻ അസി. ഓഫീസർ അജയകുമാർ, ജീവനക്കാരായ ജുബിൻ.എസ്.ജോൺസൻ, വിജിത്ത്കുമാർ, അമൽദേവ്, ശരത്ത്,രാജീവ് , അലിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.