photo
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം

കൊല്ലം: പുത്തൂരിന്റെ അക്ഷര മുത്തശ്ശിയ്ക്ക് ഹൈടെക് മന്ദിരം ഒരുങ്ങി.നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പൊതു വിദ്യാലയങ്ങൾ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി അനുവദിച്ച 2.25 കോടി രൂപ ഉപയോഗിച്ചാണ് പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മൂന്നുനില മന്ദിരം നിർമ്മിച്ചത്. പി.ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായിട്ടാണ് തുക അനുവദിച്ചത്. നിർമ്മാണം തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇടയ്ക്ക് നിലച്ചു. ഏറെ വിവാദങ്ങൾ ഇതിന്റെ പേരിൽ ഉടലെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പ്രതീക്ഷിച്ചതിലും ഭംഗിയായി കെട്ടിടം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് എല്ലാവരും. 11,460 ചതുരശ്ര അടി വിസ്തീർണത്തിൽ പൂർത്തിയായ കെട്ടിടത്തിൽ പതിനാല് ക്ളാസ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് മുറി, ശുചിമുറികൾ, ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ റൂം എന്നിവയുൾപ്പടെ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചുറ്റുമതിലും പടിപ്പുരയുള്ള ഗേറ്റും ഇതോടൊപ്പമുണ്ട്. ആർ.ശങ്കറടക്കമുള്ള പ്രമുഖർക്ക് അക്ഷര വെളിച്ചം പകർന്ന നൂറ്റാണ്ട് പിന്നിട്ട സ്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഇപ്പോൾ ഏറെ മുന്നിലാണ്.

ഉദ്ഘാടനം നാളെ

നാളെ വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനം ചെയ്യുക. മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പി.ഐഷാപോറ്റി എം.എൽ.എ ശിലാഫലകം അനാവരണം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി.എ പ്രസിഡന്റും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ്.ശശികുമാർ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി, മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എന്നിവർ പങ്കെടുക്കും.

ഇംഗ്ളീഷ് ഭാഷാ ലാബ്

ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.രശ്മിയുടെ ശ്രമഫലമായി അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ഇംഗ്ളീഷ് ഭാഷാ ലാബും ഒപ്പം ക്രമീകരിക്കുന്നുണ്ട്. ഉടൻ പ്രവർത്തനം തുടങ്ങും.