newgen

കൊല്ലം: കൊല്ലം നഗരത്തിൽ തഴച്ചുവളരുന്ന ലഹരിമാഫിയയുടെ ന്യൂജൻ ബിസിനസ് തന്ത്രങ്ങളിലും ഇടപാടുകളിലും അന്വേഷണ സംഘം വട്ടംചുറ്റുന്നു. ലഹരിവസ്തുക്കൾ കടത്തുന്ന സംഘത്തിലെ കണ്ണികൾക്ക് മാത്രം മനസിലാകുന്ന തരത്തിലെ കോഡുകളും ഹവാല മോഡൽ പണം ഇടപാടുകളുമാണ് അന്വേഷണ സംഘത്തെ നക്ഷത്രമെണ്ണിക്കുന്നത്. ആര്യങ്കാവിലെ ലഹരി വസ്തുക്കളുടെ കടത്ത്, ചടമംഗലത്തെ കഞ്ചാവ് വേട്ട എന്നിവ ഉൾപ്പെടെ സമീപകാലത്ത് ജില്ലയിൽ എക്സൈസ് പിടികൂടിയ മിക്ക കേസുകളുടെയും തുടരന്വേഷണം ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാവുകയാണ്. മയക്കുമരുന്ന് കടത്തിയ കേസുകളിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണികൾ കൂട്ടിയിണക്കാനാവാത്ത തരത്തിലെ കള്ളക്കടത്തിന്റെ കുതന്ത്രങ്ങൾ പുറത്തായത്. കൂട്ടാളികളുടെ പേരോ ഫോൺ നമ്പരോ പരസ്പരം അറിയാത്ത വിധത്തിലായിരുന്നു ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് നടത്തിയ ലഹരി ഇടപാടുകൾ. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് കൊല്ലം നഗരത്തിലെ ലഹരി മരുന്ന് ഇടപാടുകൾക്ക് പിന്നിലെന്ന വസ്തുത എക്സൈസിനെയും ഞെട്ടിച്ചു.

തലവൻമാർ 'അജ്ഞാതർ"

കാരിയറായി പ്രവർത്തിക്കുന്നവർക്ക് മുന്നിൽ തികച്ചും അജ്ഞാതരാണ് മയക്കുമരുന്ന് മാഫിയാ തലവൻമാർ. ഇടപാടുകാർ നിയോഗിച്ചയാളുകളാണെന്ന് ഉറപ്പാക്കിയാൽ ഊരോ പേരോ അന്വേഷിക്കാതെ പണം കൈപ്പറ്റി സാധനം കൈമാറുകയാണ് ഇപ്പോഴത്തെ രീതി. യാദൃശ്ചികമായി ലഹരിക്കടത്ത് സംഘത്തിലെ ആരെങ്കിലും പിടിക്കപ്പെട്ടാൽ പൊലീസിന്റെയോ എക്സൈസിന്റെയോ അന്വേഷണം ഉറവിടത്തിലേക്ക് നീളാതിരിക്കാനുള്ള തന്ത്രമാണിത്.

ആശയവിനിമയത്തിന് കോഡ്

പിടികൂടിയ 500 കിലോ കഞ്ചാവ് പ്രതികളുടെ കോഡ് ഭാഷയിൽ അറിയപ്പെടുന്നത് 'കിലോ 500 പേരല്ലേ' എന്നാണ്. ട്രെയിനിലോ ബസിലോ കാറിലോ ആണ് ഇടപാടിനായി കാരിയർമാരെ അയക്കുന്നതെങ്കിൽ വാഹനത്തിന്റെ പേരാകും ഇവരുടെ കോഡ്. ചെന്നൈയ്ക്കുളള ട്രെയിനിലാണെങ്കിൽ ചെന്നൈ സൂപ്പറെന്നാകും കാരിയർ അറിയപ്പെടുക. നിയോഗിക്കുന്ന ആളുടെ ഫോണാകും കാരിയർക്ക് ഇടപാടിനായി നൽകുക. സാധനം സുരക്ഷിതമായി എത്തിച്ചാൽ പറഞ്ഞുറപ്പിച്ച പ്രതിഫലവുമായി കാരിയ‌ർക്ക് മടങ്ങാം. ഒരു തവണ കടത്തുന്നതിന് അളവ് അനുസരിച്ച് പതിനായിരം മുതൽ കാൽലക്ഷവും അരലക്ഷവും വരെയാണ് കാരിയർമാരുടെ പ്രതിഫലം. കോളേജ് വിദ്യാ‌ർത്ഥികളും വീട്ടമ്മമാരും പ്രൊഫഷണൽ രംഗത്തുള്ളവരും വരെ മയക്കുമരുന്ന് കടത്ത് സംഘത്തിൽ കാരിയറായുണ്ട്.

മാലിയിലേക്ക് ഒഴുക്ക്

ജില്ലയിൽ നിന്ന് തിരുവനന്തപുരം വഴി മാലിയിലേക്ക് വൻതോതിൽ കഞ്ചാവും മയക്കു മരുന്നും ഒഴുകുന്നുണ്ട്. കാർഗോ സർവീസുകളുടെ സഹായത്തോടെ ഫുഡ് ഐറ്രം, തുണികൾ, ഡാൽഡ പോലുള്ള ഓയിലുകൾ തുടങ്ങിയവയെന്ന വ്യാജേനെയാണ് കടത്ത്. ഡോളറാണ് വിലയായി നൽകുക. മയക്കുമരുന്ന് ഇടപാടിന്റെ ലാഭത്തിനൊപ്പം ഡോളർ എക്സ്ചേഞ്ച് വഴിയും മയക്കുമരുന്ന് ലോബിയുടെ കീശ നിറയും.