കൊല്ലം: മുന്നാക്ക സംവരണം നടപ്പാക്കുന്നതിലൂടെ സാമൂഹ്യനീതിക്ക് പകരം അസമത്വമാണ് സൃഷ്ടിക്കപ്പെടുകയെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ പറഞ്ഞു. ഡോ. പല്പുവിന്റെ ജന്മമദിനമായ ഇന്നലെ എസ്.എൻ.ഡി.പി യോഗത്തിന്റെ ആഹ്വാനപ്രകാരം നടന്ന ജനസംഖ്യാനുപാതിക പ്രാതിനിധ്യ അവകാശ ദിനാചരണം കൊല്ലത്തെ യോഗം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതോടെ സർക്കാർ സർവീസിലെ പിന്നാക്ക പ്രാതിനിദ്ധ്യം വീണ്ടും കുറയും. സംവരണം ദാരിദ്യ നിർമ്മാർജ്ജന പദ്ധതിയല്ല. നൂറ്റാണ്ടുകളായി അധികാരത്തിൽ നിന്ന് അകറ്റിനിറുത്തിയിരുന്ന ജനവിഭാഗങ്ങൾക്ക് അധികാരത്തിൽ പ്രാതിനിദ്ധ്യം നൽകുകയാണ് സംവരണത്തിന്റെ ലക്ഷ്യം. ഡോ. പല്പുവിന്റെ ജീവിതവും സംവരണത്തിനായി അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങളും പുതുതലമുറ ആഴത്തിൽ പഠിക്കണമെന്നും പി. സുന്ദരൻ പറഞ്ഞു.
കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ ഓർഡിനേറ്റർ പി.വി. രജിമോൻ, ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് ജി. ചന്തു, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ അനിൽ മുത്തോടം, എംപ്ലോയീസ് ഫോറം കേന്ദ്ര കമ്മിറ്റി അംഗം ഡോ. എസ്. വിഷ്ണു, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ തങ്കരാജ്, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ആർ.ഡി.സി കൺവീനർ മഹിമ അശോകൻ, അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ തുടങ്ങിയവർ പങ്കെടുത്തു.