കൊല്ലം: ഡി.സി.സി പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പി.എ. അസീസിന്റെ 41-ാം ചരമവാർഷികം ആറിന് ആചരിക്കും. പി.എ. അസീസ് സ്മാരകസമിതിയുടെ നേതൃത്വത്തിൽ പള്ളിമുക്കിലെ കൊല്ലൂർവിള സഹകരണ ബാങ്ക് കൺവെൻഷൻ സെന്ററിൽ വൈകിട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ. എ. ഷാനവാസ്ഖാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന നിർദ്ധന വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റ് കെ.എസ്. ശബരിനാഥ് എം.എൽ.എ വിതരണം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, യു.ഡി.ഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, എൻ. അഴകേശൻ, ജി. പ്രതാപവർമ്മ തമ്പാൻ, പ്രൊഫ. ഇ. മേരിദാസൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. രാവിലെ 9ന് കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർ കൊല്ലൂർവിള ജുമാമസ്ജിദിൽ പ്രാർത്ഥന നടത്തും.