ചവറ: കേരളപ്പിറവി ദിനത്തിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് സൗജന്യഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് യുവാവ് മാതൃകയായി. പൊതുപ്രവർത്തകനായ ബ്രിജേഷ് ആനേപ്പിൽ ആണ് ചവറ ചെറുശ്ശേരിഭാഗം, കോവിൽത്തോട്ടം, കരിത്തുറ, മേക്കാട്, പൊന്മന, ചിറ്റൂർ എന്നിവിടങ്ങളിലുള്ള അർഹതപ്പെട്ട വീടുകളിൽ ഭക്ഷ്യക്കിറ്റ് നൽകിയത്. അരിപ്പൊടി, പഞ്ചസാര, തേയില, റവ, പച്ചക്കറി തുടങ്ങിയ പത്തോളം വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. തന്റെ പിതാവിന്റെ സ്മരണയ്ക്കാണ് കേരളപ്പിറവി ദിനത്തിൽ ഇത്തരം ഒരു നല്ലകാര്യം ചെയ്തതെന്ന് ബ്രിജേഷ് പറഞ്ഞു.ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ചവറ സി ഐ. നിസാമുദ്ദീൻ നിർവഹിച്ചു. ഷാജു ആയിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സജിത്ത് പൊന്മന, അനിൽചന്ദ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച ബ്രിജേഷിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം, ചവറ ബി .ആർ .സിയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റ് എന്നിവ വിതരണം ചെയ്തിരുന്നു. വരുംദിവസങ്ങളിൽ കാൻസർ രോഗികൾക്ക് ചികിത്സാസഹായം, വിധവകൾക്ക് പെൻഷൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുമെന്നും ബ്രിജേഷ് അറിയിച്ചു.