fir

അഞ്ചാലുംമൂട്: വൃദ്ധ മാതാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മകനും കുടുംബത്തിനുമെതിരെ മകൾ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. തന്റെ സഹോദരന്റെയും കുടുംബത്തിന്റെയും മാനസിക പീഡനത്തിൽ മനംനൊന്താണ് മാതാവ് ആത്മഹത്യ ചെയ്തതായാണ് മകൾ കൃഷ്ണകുമാരിയുടെ ആരോപണം.
തൃക്കടവൂർ നീരാവിൽ വേളികാട്ട് വീട്ടിൽ കല്യാണിയെ (95) ഞായറാഴ്ച പുലർച്ചയോടെയാണ് നീരാവിൽ ഭാഗത്ത് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയമകനോടൊപ്പം നീരാവിലെ വീട്ടിലാണ് കല്യാണി താമസിച്ചിരുന്നത്. കഴിഞ്ഞ 10ന് പകൽ 3 മണിയോടെ കുളിമുറിയിൽ കയറുന്നതിന് മുമ്പ് കല്യാണി ഊരിവച്ച 21 ഗ്രാം തൂക്കമുള്ള സ്വർണമാല കാണാതായതിനെ തുടർന്ന് മകനും കുടുംബത്തിനുമെതിരെ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനും കുടുംബവും കല്യാണിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്താണ് തന്റെ മാതാവ് ആത്മഹത്യ ചെയ്തതെന്ന് കൃഷ്ണകുമാരി പരാതിയിൽ പറയുന്നു.

 പൊലീസിനെതിരെയും ആക്ഷേപം

സ്വർണമാല കാണാതായതിനെ തുടർന്ന് കല്യാണി അഞ്ചാലുംമൂട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നും കൃഷ്ണകുമാരി കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. 24ന് ഇരുകൂട്ടരേയും വിളിപ്പിച്ച് മാല പോയയിടത്ത് തന്നെ കാണുമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പരാതിക്ക് രസീത് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും ആരോപണമുണ്ട്.