bridge

നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും


കൊല്ലം: മൺറോത്തുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലം ഒന്നര വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും. പാലത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈനായി നിർവഹിക്കും.

ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെ കരാർ എടുത്തിരിക്കുന്ന ചെറിയാൻ ആൻഡ് വർക്കി നിർമ്മാണ സാമഗ്രികളും ഉപകരണങ്ങളും എത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഒന്നര വർഷമാണ് നിർമ്മാണ കാലാവധി. തടസങ്ങളുണ്ടായില്ലെങ്കിൽ അതിന് മുമ്പേ തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എം. മുകേഷ്, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുക്കും.

ഇഴഞ്ഞുനീങ്ങിയത് ഒരു പതിറ്റാണ്ടോളം

ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് പെരുമൺ - പേഴുംതുരുത്ത് പാലം പദ്ധതി. ഈ സർക്കാരിന്റെ കാലത്ത് പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തെങ്കിലും ടെണ്ടർ നടപടികൾ ഇഴഞ്ഞുനീങ്ങിയിരുന്നു. ആദ്യം ടെണ്ടർ ലഭിച്ച കമ്പനി കരാർ ഒപ്പിടാൻ തയ്യാറായില്ല. തുടർന്ന് കഴിഞ്ഞമാസം 23ന് ചേർന്ന മന്ത്രിസഭാ യോഗം എറണാകുളം ആസ്ഥാനമായ ചെറിയാൻ ആൻഡ് വർക്കി കമ്പനിയുടെ രണ്ടാമത്തെ ഉയർന്ന ടെണ്ടർ അംഗീകരിക്കുകയായിരുന്നു.

42.52 കോടി രൂപയുടെ സ്വപ്ന പദ്ധതി

പെരുമൺ - പേഴുംതുരുത്ത് പാലം യാഥാർത്ഥ്യമാകുന്നതോടെ കൊല്ലത്ത് നിന്ന് ശാസ്താംകോട്ട, കുന്നത്തൂർ മേഖലയിലേക്കും തിരിച്ചും വേഗത്തിലെത്താം. മൺറോത്തുരുത്തിന്റെ ടൂറിസം സാദ്ധ്യതയും വർദ്ധിക്കാൻ പാലം സഹായകമാകും. ഇപ്പോൾ മൺറോത്തുരുത്തിലേക്കുള്ള കൊല്ലത്ത് നിന്നുള്ള വാഹനങ്ങൾ ജങ്കാർ വഴിയാണ് പോകുന്നത്. റെയിൽവേ പാലത്തിനോട് ചേർന്ന് നടപ്പാത ഉണ്ടെങ്കിലും കാൽനടയാത്രക്കാരും കൂടുതലായി ജങ്കാറിനെയാണ് ആശ്രയിക്കുന്നത്.