പുനലൂർ:നഗരസഭ പ്രദേശങ്ങളിൽ നിന്ന് പുനലൂർ ടൗണിൽ എത്തുന്ന നവീകരണ ജോലികൾ പൂർത്തിയാക്കിയ ആറ് സമാന്തര റോഡുകൾ ഇന്ന് വൈകിട്ട് 5ന് ചെമ്മന്തൂർ കെ.കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ ചേരുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിക്കും.മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കും.എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സോമപ്രസാദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും
15.15കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം
കിഫ്ബിയിൽ നിന്നും അനുവദിച്ച 15.15കോടി രൂപ ചെലവഴിച്ചാണ് ആറ് റോഡുകളും നവീകരിച്ചത്.പുനലൂർ-വെട്ടിപ്പുഴ-എം.എൽ.എ റോഡ്, തൂക്ക്പാലം-ശിവൻകോവിൽ, കച്ചേരി, പോസ്റ്റ് ഓഫീസ്-മാർക്കറ്റ്, ചെമ്മന്തൂർ-ചൗക്ക-നെടുങ്കയം, പേപ്പർ മിൽ- സർക്കാർ മുക്ക് എന്നീ ആറ് റോഡുകളാണ് നവീകരിച്ചത്. 2018 ഒക്ടോബറിൽ നിർമ്മാണ ജോലികൾ ആരംഭിച്ച റോഡിന്റെ വീതി വർദ്ധിപ്പിച്ച ശേഷം പുതിയ ഓടകൾ, കലുങ്കുകൾ തുടങ്ങിയവ പുനർ നിർമ്മിച്ച് പാതയോരം ഇന്റർ ലോക്ക് കട്ടകൾ പാകി മനോഹരമാക്കി. സമാന്തര പാതകളുടെ തകർച്ച നേരിൽ കണ്ട് വിലയിരുത്തിയ മന്ത്രി കെ.രാജു മന്ത്രി ജി.സുധാകരനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തുക അനുവദിച്ചത്.പുനലൂർ നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ്, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, മുൻ എം.എൽ.എമാരായ പി.എസ്.സുപാൽ, പുനലൂർ മധു തുടങ്ങി നരവധി നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും.