കരുനാഗപ്പള്ളി: തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിന്റെ ഒന്നാം ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണം 3 കോടി
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം
ജില്ലാ പഞ്ചായത്തിന്റെ 13.33 ലക്ഷം
പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5.50 ലക്ഷം
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അനുവദിച്ച 3 കോടിയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 13.33 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കൂടാതെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5.50 ലക്ഷം രൂപയും ഇതിനായി കണ്ടെത്തി കഴിഞ്ഞു.രണ്ടു ബ്ളോക്കുകളായാണ് കെട്ടിട നിർമ്മാണം നടക്കുന്നത്.
ഉദ്ഘാടനം നാളെ
15 ക്ലാസ് മുറികളുള്ള ആദ്യ ബ്ലോക്കിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുന്നത്. രാവിലെ 10ന് നടക്കുന്ന താക്കോൽ കൈമാറ്റം കെ .സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യും. ആർ .രാമചന്ദ്രൻ എം.എൽ.എ താക്കോൽ ഏറ്റുവാങ്ങും. സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ആർ .രാമചന്ദ്രൻ എം.എൽ.എ ഭദ്രദീപം തെളിക്കും. എ .എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .ശ്രീലത, പി. ടി. എ പ്രസിഡന്റ് കെ .സതീശൻ, എസ് .എം .സി ചെയർമാൻ ജി. അജിത് കുമാർ ,ഹെഡ്മാസ്റ്റർ ആർ. സുനിൽകുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എസ് .റെജി തുടങ്ങിയവരും പങ്കെടുക്കും. ഓച്ചിറ ഗവ. ഹൈസ്കൂളിൽ ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഇവിടെ മൂന്നു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന മറ്റൊരു ബഹുനില മന്ദിരത്തിന്റെ നിർമ്മാണവും അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.