കരുനാഗപ്പള്ളി: കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ.സനുവിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.മോഹൻ സംഘടിപ്പിച്ച പരിശോധനയിൽ 10500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. തഴവ വളാലിൽ ജംഗ്‌ഷന് സമീപമുള്ള വീട്ടിലാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. വില്പനയുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പോരുവഴി സ്വദേശികളായ പാലതോട്ടത്തിൽ വീട്ടിൽ സൈനുദീൻ, ഷംനാജ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരിൽ കോട്പ കേസ് രജിസ്റ്റർ ചെയ്തു. പുകയില ഉത്പന്നങ്ങൾക്ക് പൊതുവിപണിയിൽ 8 ലക്ഷം രൂപ വില വരുന്നതാണെന്ന് സി.ഐ. പറഞ്ഞു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസറായ പി.എ.അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.ഷിഹാസ്, എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.