kundara

കൊല്ലം: ലോകമെങ്ങുമുള്ള സഞ്ചാരികളെ അഷ്ടമുടിയുടെ കൈവഴികളിലെ കൊതുമ്പ് വള്ളങ്ങളിലൂടെ യാത്ര ചെയ്യിപ്പിക്കുന്ന മൺറോത്തുരുത്താണ് കുണ്ടറ ഡിവിഷന്റെ പ്രധാന അടയാളങ്ങളിലൊന്ന്. മൺറോത്തുരുത്തിന് പുറമേ കിഴക്കേക്കല്ലട, പേരയം, കുണ്ടറ പഞ്ചായത്തുകൾ കൂടി ചേരുന്നതാണ് ജില്ലാ പഞ്ചായത്ത് കുണ്ടറ ഡിവിഷൻ. 5 വർഷം മുൻപ് ജില്ലയിൽ വീശിയടിച്ച ഇടത് തരംഗത്തിനൊപ്പമായിരുന്നു കുണ്ടറയും. മികച്ച വിജയത്തോടെ അഡ്വ. ജൂലിയറ്റ് നെൽസണെ കുണ്ടറ തങ്ങളുടെ പ്രതിനിധിയായി വിജയിപ്പിച്ചു. കൊല്ലത്താകെ ജില്ലാ പഞ്ചായത്ത് നടത്തിയ വികസനം കുണ്ടറയിലുമെത്തിയെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ജില്ലാ പഞ്ചായത്തിന് പരിഹരിക്കാൻ കഴിയുമായിരുന്ന സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളെ പരിഗണിച്ചില്ലെന്നും വികസന വഴിയിൽ മുന്നോട്ട് പോയില്ലെന്നുമാണ് യു.ഡി.എഫിന്റെ വിമർശനം. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കൊപ്പം ഇത്തവണ ബി.ജെ.പിയും ശക്തമായ മത്സരം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

 ഭരണപക്ഷം

1. പേരയം പടപ്പക്കരയിൽ ഓപ്പൺ ജിംനേഷ്യം

2. കുണ്ടറ പഞ്ചായത്തിൽ പകൽവീട്

3. പെരിങ്ങാലം ഗവ. എച്ച്.എസ്.എസിലെ മൂന്ന് ക്ലാസ് മുറികൾ ഹൈടെക്കാക്കി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ അടിമുടി മാറ്റം

4. ഡിവിഷനിലാകെ റോഡുകളുടെ നവീകരണവും നിർമ്മാണവും

5. പേരയം ഇടമലയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി

6. നാല് ലൈബ്രറികൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ

7. തുണിഗ്രാമം പദ്ധതിയിലൂടെ കിഴക്കേ കല്ലടയിലെ 20 കുടുംബശ്രീ അംഗങ്ങൾക്ക് തയ്യൽ യന്ത്രങ്ങൾ

8. പേരയത്തെ പത്ത് കുടുംബശ്രീ അംഗങ്ങൾക്ക് ആട് ഗ്രാമം പദ്ധതിയിലൂടെ ആടുകൾ

9.തിരഞ്ഞെടുത്ത ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ

10. ഡിവിഷനുകളിലെ ഏലാകളിൽ കാർഷിക സമൃദ്ധിക്കായി ഇടപെടൽ

ജൂലിയറ്റ് നെൽസൺ, ജില്ലാ പഞ്ചായത്തംഗം, സി.പി.എം

 പ്രതിപക്ഷം

1. തോപ്പിൽ രവി എം.എൽ.എ ആയിരുന്ന കാലത്ത് കുടിവെള്ളത്തിനും ജലസേചനത്തിനുമായി തുടങ്ങിവെച്ച പദ്ധതി മുന്നോട്ട് കൊണ്ടുപോയില്ല

2. കുണ്ടറയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികളൊരുക്കിയില്ല

3. ചെറുകിട ജലസേചന പദ്ധതികൾ തയ്യാറാക്കിയില്ല

4. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ കൊല്ലത്തേക്കുള്ള പൈപ്പുകൾ പോകുന്നത് കുണ്ടറ, പേരയം വഴിയാണെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമല്ല

5. കശുഅണ്ടി തൊഴിലാളികൾക്കായി പ്രത്യേക പാക്കേജുകൾ നടപ്പാക്കിയില്ല

6. മൺറോത്തുരുത്തിന്റെ ടൂറിസം സാദ്ധ്യത മനസിലാക്കാൻ ജില്ലാ പഞ്ചായത്ത് ശ്രമിച്ചില്ല

7. തെങ്ങുകൃഷിയുള്ള മൺറോത്തുരുത്തിൽ കേര കർഷകർക്കായി പദ്ധതി കൊണ്ടുവരുന്നതിനും പഠനത്തിനും ഒരു ശ്രമവും നടത്തിയില്ല

8. കാർഷിക ഉത്പാദന മേഖലകളിൽ ഇടപെടൽ ഉണ്ടായില്ല

9. കാഞ്ഞിരോട് കായൽ കേന്ദ്രീകരിച്ചുള്ള ടൂറിസം സാദ്ധ്യത ശ്രദ്ധിച്ചതേയില്ല

10. നാടിന്റെ വികസന സാദ്ധ്യതകൾ തന്നെ മാറ്റുമായിരുന്ന മൺറോത്തുരുത്ത്, പടപ്പക്കര, ശിങ്കാരപ്പള്ളി ടൂറിസം സർക്യൂട്ട് പരിഗണിച്ചില്ല

കെ.ആർ.വി.സഹജൻ, ഡി.സി.സി ജനറൽ സെക്രട്ടറി