photo
ലാലാജി ഗ്രന്ഥശാല ആന്റ് വായനശാല

26000 പുസ്തകങ്ങൾ ---- 6275 മെമ്പർമാർ

കരുനാഗപ്പള്ളി: നാട്ടിൻപുറത്തെ ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലയാണ് ലാലാജി സ്മാരക ഗ്രന്ഥശാല. കേരളമുണ്ടാകും മുൻപേ ആളുകൾക്കായി വായനയുടെ വാതിൽ തുറന്നയിടം. സ്വാതന്ത്ര്യ സമര പോരാളി ലാലാ ലജ്പത് റായിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രന്ഥശാല സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇന്നും മുൻനിരയിലാണ്. സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടരായ ഒരു പറ്റം ചെറുപ്പക്കാർ 1929 ഒക്ടോബർ 26നാണ് ഗ്രന്ഥശാലയ്ക്ക് രൂപം കൊടുത്തത്.

കരുനാഗപ്പള്ളിയുടെ അഭിമാനം

തൊണ്ണൂറിന്റെ നിറവിലായ ലാലാജി ഗ്രന്ഥശാല കരുനാഗപ്പള്ളിയിലെ ഏറ്റവും മഹത്തായ സാംസ്കാരിക നിലയമാണ്.തുടക്കത്തിൽ സാധാരണ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാലക്ക് തയ്യിൽ കുടുംബം സൗജന്യമായി നൽകിയ 15 സെന്റ് ഭൂമിയിലാണ് ഇന്ന് കാണുന്ന ഗ്രന്ഥശാലയുണ്ടായത്. ലാലാ ലജപത് റായി മരിച്ച ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം നിർമ്മിക്കുകയും സ്വരാജ് പത്രാധിപർ ബാരിസ്റ്റർ എ.കെ.പിള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. .

ഗാന്ധിജി മുതൽ വൈലോപ്പിള്ളി വരെ

1934ൽ ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് പവിത്രമായ മണ്ണാണ് ലാലാജിയുടേത്. പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ഭാര്യ കമല നെഹ്റു, മകൾ ഇന്ദിരാ ഗാന്ധി എന്നിവർക്കൊപ്പം ഗ്രന്ഥശാല സന്ദർശിച്ചിരുന്നു. വിപ്ലവകാരി അരുണാ ആസാദ് അലി, ആചാര്യ ജെ.ബി.കൃപലാനി,

ഡോ. പട്ടാഭി സീതാരാമയ്യ, ബലവന്ത് റോയ് മേത്ത, കേണൽ ലക്ഷ്മി, അശോക് മേത്ത, ആർ.ശങ്കർ, എ.എ.റഹിം, മുൻ കേരള ഗവർണർ ആർ.എൽ.ഭാട്ടിയ , സാഹിത്യകാരന്മാരായ തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് , വൈലോപ്പിള്ളി തുടങ്ങിയ പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ ഇവിടം സന്ദർശിച്ചിട്ടുണ്ട്.

കൊവിഡ് കാലത്തും സജീവം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകൾ ഗ്രന്ഥശാലയിൽ എത്തി പുസ്തകങ്ങൾ എടുക്കാറുണ്ട്. പുസ്തകം ആവശ്യമുള്ളവർ അറിയിച്ചാൽ ലൈബ്രേറിയൻ ബി. സജീവ് കുമാർ പുസ്തകങ്ങൾ ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കാറുമുണ്ട്. കരുനാഗപ്പള്ളി താലൂക്കിലെ റഫറൻസ് ലൈബ്രറികൂടിയാണിത്. നിരവധി ഗവേഷണ വിദ്യാർത്ഥികൾ റഫറൻസിനായി ഇവിടെ എത്താറുണ്ട്.നിലവിൽ 26000 പുസ്തകങ്ങൾ ഉണ്ട്. ലൈഫ് അംഗങ്ങൾ ഉൾപ്പടെ 6275 മെമ്പർമാരുണ്ട്. പാലിയേറ്റീവ് കെയർ യൂണിറ്റ്, വനിതാ വേദി, ബാലവേദി, യുവജനവേദി, വയോജനവേദി തുടങ്ങിയ അനുബന്ധ സംഘടനകളും ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്നു. മാസത്തിൽ ഒരിക്കൽ കാൻസർ രോഗികൾക്ക് സൗജന്യ പരിശോധന സംഘടിപ്പിക്കുന്നു. വീടുകളിൽ എത്തിയും കാൻസർ രോഗികളെ പരിശോധിക്കാറുണ്ട്. കൊവിഡിന് മുമ്പ് വരെ രാവിലെ 10 മുതൽ രാത്രി 7 മണി വരെയായിരുന്നു പ്രവർത്തന സമയം ഇപ്പോൾ വൈകിട്ട് 4 മുതൽ രാത്രി 7 വരെയാണ് പ്രവർത്തനം. പ്രൊഫ. കെ.ആർ.നീലകണ്ഠപ്പിള്ള പ്രസിഡന്റും ജെ.സുന്ദരേശൻ സെക്രട്ടറിയായുമുള്ള ഭരണ സമിതിയാണ് ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്

.