പെരുമൺ പാലം യാഥാർത്ഥ്യത്തിലേക്ക്
കൊല്ലം: പെരുമൺ - പേഴുംതുരുത്ത് പാലം യാഥാർത്ഥ്യമാകുന്നതോടെ മൺറോത്തുരുത്തിൽ നിന്ന് കൊല്ലത്ത് വെറും 20 മിനിട്ട് കൊണ്ടെത്താം. ജങ്കാർ വഴിയെത്തുമ്പോൾ മുക്കാൽ മണിക്കൂറും കുണ്ടറ വഴി കറങ്ങി വരുമ്പോൾ ഏകദേശം ഒന്നേമുക്കാൽ മണിക്കൂറുമാണ് ഇപ്പോൾ നഷ്ടമാകുന്നത്.
മൺറോത്തുരുത്തിനെയും പടിഞ്ഞാറേകല്ലടയെയും ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കടവ് പാലം വരുന്നതോടെ കൊല്ലത്ത് നിന്ന് വളരെ വേഗത്തിൽ പടിഞ്ഞാറേകല്ലട, ശാസ്താംകോട്ട ഭാഗങ്ങളിലെത്താം. ഇപ്പോൾ പടിഞ്ഞാറേകല്ലട, ശാസ്താംകോട്ട ഭാഗങ്ങളിലുള്ളവർ 25 കിലോ മീറ്ററിലേറെ ചുറ്റിക്കറങ്ങി കുണ്ടറ, ചവറ വഴിയാണ് കൊല്ലത്തെത്തുന്നത്.
പെരുമൺ പാലത്തിനൊപ്പം കണ്ണങ്കാട്ട് കടവ് പാലം കൂടി വന്നാൽ പടിഞ്ഞാറേകല്ലടയിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രാദൂരം 12 കിലോ മീറ്ററിലേറെയാണ് കുറയുക. കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിലുള്ള ഒരു സമാന്തരപാത കൂടിയാകും ഇത്. കൊല്ലത്ത് നിന്ന് പെരുമൺ- കണ്ണങ്കാട്ട് കടവ് വഴി ചവറയിൽ എത്താതെ തന്നെ നേരെ കരുനാഗപ്പള്ളിയിലേക്ക് പോകാനും കഴിയും.
കായൽ കാഴ്ചയുടെ തൂക്കുപാലം
അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇരുവശത്തും രണ്ട് മീറ്ററോളം വീതിയിൽ നടപ്പാതയുള്ള പാലമാണ് പെരുമണിനെയും പേഴുംതുരുത്തിനെയും ബന്ധിപ്പിച്ച് വരുന്നത്. തൂക്കുപാലങ്ങളുടെ നിർമ്മാണ രീതി കൂടി സംയോജിപ്പിച്ചാണ് രൂപരേഖ തയ്യറാക്കിയിരിക്കുന്നത്. പാലത്തിന്റെ മദ്ധ്യഭാഗത്ത് 14 മീറ്റർ വീതിയുണ്ടാകും. 11 സ്പാനുകളാണ് ആകെയുള്ളത്. ഇതിൽ മദ്ധ്യഭാഗത്തേതിന് 70 മീറ്റർ നീളമുണ്ടാകും. 42 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും ബാക്കി എട്ടെണ്ണം 30 മീറ്റർ നീളത്തിലുമാണ്.
കാട്ടുംതലയ്ക്കൽ ഗോപിയുടെ സ്വപ്നം
പെരുമണിൽ നിന്ന് പേഴുംതുരത്തിലേക്ക് പാലവും അവിടെ നിന്ന് കണ്ണങ്കാട്ട് കടവ് വരെ നീളുന്ന റോഡും മൺറോത്തുരുത്ത് സ്വദേശിയായ കാഥികനും ഓട്ടൻതുള്ളൽ കലാകാരനുമായ കാട്ടുംതലയ്ക്കൽ ഗോപിയുടെ വലിയ സ്വപ്നമായിരുന്നു. ഇതിനായി അദ്ദേഹം കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകളില്ല. പാലത്തിന്റെ ആവശ്യകതയെ കുറിച്ച് കവിതയും എഴുതി. നടക്കാത്ത സ്വപ്നമെന്ന് പറഞ്ഞ് ഒടുവിൽ മൺറോത്തുരുത്തുകാരിൽ പലരും അദ്ദേഹത്തെ കളിയാക്കുമായിരുന്നു. പക്ഷെ പാലം യാഥാർത്ഥ്യമാകുന്നത് കാണാൻ അദ്ദേഹമില്ല. കഴിഞ്ഞ വർഷം അദ്ദേഹം മരിച്ചു.
ആകെ വീതി: 11.5 മീറ്റർ
റോഡിന്റെ വീതി 7 മീറ്റർ
ആകെ നീളം: 396 മീറ്റർ
ചുറ്റിക്കറങ്ങി മൺറോത്തുരുത്തുകാർ
1. പെരുമൺ വഴി കൊല്ലത്തെത്താനുള്ള ഏക ആശ്രയം ജങ്കാർ സർവീസ്
2. ഇടിയക്കടവ് പാലത്തിലൂടെ കുണ്ടറ വഴിയാണ് നഗരത്തിലേക്ക് ബസ് സർവീസ്
3. ഇങ്ങനെ വരുമ്പോൾ പത്ത് കിലോ മീറ്റോറോളം അധികം സഞ്ചരിക്കണം
4. രാവിലെ 6.30 മുതൽ രാത്രി എട്ടുവരെ കാൽ മണിക്കൂർ ഇടവിട്ടാണ് ജങ്കാർ സർവീസ്
5. രാത്രി എട്ടിന് ശേഷം അത്യാഹിതം സംഭവിച്ചാൽ കിലോ മീറ്ററുകൾചുറ്റണം
6. പാലം വരുന്നതോടെ ദുരിതങ്ങൾക്ക് അറുതിയാകും