train

 ഏഴ് മുതൽ സ്റ്റോപ്പ് നിലവിൽ വരും

കൊല്ലം: വേണാട് എക്‌‌സ്‌പ്രസിന്റെ മയ്യനാട് സ്റ്റോപ്പ് പുനഃസ്ഥാപിച്ച് ഉത്തരവായതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഏഴ് മുതൽ വേണാട് എക്‌‌പ്രസിന് മയ്യനാട്ട് സ്റ്റോപ്പ് നിലവിൽ വരും. തിരുവനന്തപുരം - ഷൊർണൂർ (06302), ഷൊർണൂർ - തിരുവനന്തപുരം (06301) കൊവിഡ് സ്‌പെഷ്യൽ ട്രെയിനുകൾക്ക് മയ്യനാട് സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.

സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി രണ്ടു തവണ ഡൽഹിയിൽ റെയിൽവേ ബോർഡ് അധികൃതരെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. സ്റ്റോപ്പ് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഉത്തരവിറക്കാൻ ദക്ഷിണ റെയിൽവേ കാലതാമസം വരുത്തി. റയിൽവേ ബോർഡിന്റെ ഉറപ്പ് നടപ്പിലാക്കണമെന്നും ഉത്തരവിറങ്ങാൻ വൈകിയാൽ റെയിൽവേ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കാണിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് പ്രേമചന്ദ്രൻ നോട്ടീസ് നൽകി.

ഉത്തരവിനുണ്ടാകുന്ന കാലതാമസം സംബന്ധിച്ച് റെയിൽവേ ബോർഡിന് വീണ്ടും കത്ത് നൽകി. എം.പി യുടെ നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് മയ്യനാട് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായത്. ഉത്തരവ് പ്രകാരം പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം - ഷൊർണൂർ സ്‌പെഷ്യൽ ട്രെയിൻ രാവിലെ 6.06ന് മയ്യനാട് എത്തിച്ചേരും. ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ രാത്രി 8.34ന് മയ്യനാട് എത്തും.