കൊല്ലം: ജില്ലാ ജയിലിൽ പുതിയ കിച്ചൺ ബ്ളോക്ക് പ്രവർത്തനസജ്ജമായി. പഴയ കെട്ടിടം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് പൊളിച്ചുമാറ്റി നിർമ്മിച്ചത്. ജയിൽ വളപ്പിൽ മുക്കാൽ കോടിയോളം രൂപ മുടക്കി നിർമ്മിച്ച മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഒരേ സമയം അഞ്ഞൂറുപേർക്ക് ആഹാരം പാചകം ചെയ്യാൻ കഴിയുന്ന ആധുനിക അടുക്കള ബ്ളോക്ക്.
ഗ്യാസ് അടുപ്പുകളുൾപ്പെടെ ആധുനിക ശൈലിയിലാണ് പുതിയ അടുക്കള സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 210 തടവുകാരാണ് ഇപ്പോൾ ജയിലിലുള്ളത്. 300- 350ഉം തടവുകാർ വരെ നേരത്തെ ഉണ്ടായിരുന്നു. ഇതിന് മുകൾ നിലയിലാണ് ജയിൽ ചപ്പാത്തി, ബിരിയാണി എന്നിവയുടെ നിർമ്മാണം. ഒരേ സമയം രണ്ട് ചപ്പാത്തി കല്ലുകളും മാവ് കുഴയ്ക്കുന്ന രണ്ട് മെഷീനുകളും പ്രവർത്തിപ്പിക്കാനുള്ള സംവിധാനമാണ് ഇവിടുള്ളത്.
ദിനം പ്രതി 10000 - 15,000 വരെ ചപ്പാത്തിയും ചിക്കൻ ബിരിയാണിയും ഇവിടെ തയ്യാറാക്കാം. മുൻപ് തടവുകാരെ പാർപ്പിക്കാനുള്ള സെല്ലുകളായിരുന്നു ചപ്പാത്തി നിർമ്മാണ യൂണിറ്റായി പ്രവർത്തിപ്പിച്ചിരുന്നത്. ചപ്പാത്തി യൂണിറ്റ് കിച്ചൺ ബ്ളോക്കിലേക്ക് മാറ്റിയതോടെ സെല്ലുകൾ അന്തേവാസികളെ പാർപ്പിക്കാനായി ഉപയോഗിക്കാം.
എം. മുകേഷ് എം.എൽ.എയാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ കിച്ചൺ ബ്ളോക്ക് ഉദ്ഘാടനം ചെയ്തത്. ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജിയും സിക്കാ ഡയറക്ടറുമായ പി. അജയകുമാർ അദ്ധ്യക്ഷനായി. ജയിൽ സൂപ്രണ്ട് കെ.ബി. അൻസർ, പി.ഡബ്ള്യു.ഡി എക്സി. എൻജിനിയർ സാജൻ, കൗൺസിലർ ബി. ഷൈലജ, ഡെപ്യൂട്ടി സൂപ്രണ്ട് ശരത്ത് എന്നിവർ സംസാരിച്ചു.
ജില്ലാ ജയിൽ പ്രവർത്തനം ആരംഭിച്ചത്: 1955ൽ
ഇപ്പോൾ തടവുകാർ: 210
പുതിയ കെട്ടിടം: 3 നില
ചെലവ്: 75 ലക്ഷം
പാചകം ചെയ്യാവുന്ന പരിധി: 500 പേർക്ക്