എട്ട് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഒഫ് ഓണർ
കൊല്ലം: സംസ്ഥാന പൊലീസ് മേധാവിയുടെ 2019ലെ ബാഡ്ജ് ഒഫ് ഓണർ പുരസ്‌കാരത്തിന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥർ അർഹരായി. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, അഡീ. ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ, ട്രാഫിക് എസ്.ഐ പി. പ്രദീപ്, സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐമാരായ സൂരജ്, പി.വൈ. സുനിൽ, സോഷ്യൽ മീഡിയ സെല്ലിലെ സിവിൽ പൊലീസ് ഓഫീസർമാരായ സിജോ കൊച്ചുമ്മൻ, ലിനു ലാലൻ, പൊലീസ് ഫോട്ടോഗ്രാഫർ എസ്. ശ്യാംലാൽ എന്നിവരാണ് ബഹുമതിക്ക് അർഹരായത്.
ഇടുക്കി നെടുങ്കണ്ടത്ത് കാണാതായ പെൺകുട്ടിയെ കണ്ടെത്തുകയും മനുഷ്യക്കടത്ത് നടത്തിയവരെ പിടികൂടുകയും ചെയ്തതാണ് അന്നത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന ടി.നാരായണനെ അവാർഡിന് അർഹനാക്കിയത്. ദേശാന്തര ബന്ധമുള്ള രവിപൂജാരി കേസിലെ അന്വേഷണ മികവിനാണ് അന്നത്തെ എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന കൊല്ലം അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാന് പുരസ്‌കാരം. കൊല്ലം സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റിൽ പുത്തൻ ആശയങ്ങൾ നടപ്പാക്കി മികച്ച പ്രവർത്തനം നടത്തിയത് ട്രാഫിക് എസ്.ഐ പി.പ്രദീപിനെ പുരസ്കാരത്തിന് അർഹനാക്കി.
സോഷ്യൽ പൊലീസിംഗുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനത്തിന് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐമാരായ സൂരജ്, പി.വൈ.സുനിൽ എന്നിവരും സാമൂഹമാദ്ധ്യമങ്ങളിൽ നിന്ന് രഹസ്യവിവരങ്ങൾ ശേഖരിച്ചതിന് സിവിൽ പൊലീസ് ഓഫീസർമാരായ സിജോ കൊച്ചുമ്മൻ, ലിനുലാലൻ എന്നിവരും അന്വേഷണവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫിക് മേഖലയിലെ മികവിന് പൊലീസ് ഫോട്ടോഗ്രാഫർ ശ്യാംലാലും പുരസ്കാരത്തിന് അർഹരായി.